Kerala

ചര്‍ച്ച് ബില്ലിനെതിരെ എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രതിഷേധ സമ്മേളനം;കെണികളറിഞ്ഞു പ്രതികരിക്കണമെന്ന് ജസ്റ്റീസ് ഏബ്രഹാം മാത്യു

ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ നിയമങ്ങളില്ലെന്ന കമ്മീഷന്റെ വാദം ആശ്ചര്യജനകമെന്ന് ജസ്റ്റീസ് ഏബ്രഹാം മാത്യു. വസ്തുക്കള്‍ ആര്‍ജിക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കാനും എല്ലാ മതങ്ങള്‍ക്കുമുള്ള അധികാരം ആരുടെയും ഔദാര്യമല്ല, അതു ഭരണഘടന നല്‍കുന്ന അവകാശമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെയാണു സഭയുടെ പ്രവര്‍ത്തനമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതു കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്.

ചര്‍ച്ച് ബില്ലിനെതിരെ എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രതിഷേധ സമ്മേളനം;കെണികളറിഞ്ഞു പ്രതികരിക്കണമെന്ന് ജസ്റ്റീസ് ഏബ്രഹാം മാത്യു
X

കൊച്ചി: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് ബില്‍ 2019ന്റെ കരട് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു ശക്തമായും വിവേകത്തോടും പ്രതികരിക്കണമെന്നു ജസ്റ്റീസ് ഏബ്രഹാം മാത്യു.ചര്‍ച്ച് ബില്ലിനെതിരെ എറണാകുളം -അങ്കമാലി അതിരൂപത സംഘടിപ്പിച്ച പ്രതിഷേധസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ നിയമങ്ങളില്ലെന്ന കമ്മീഷന്റെ വാദം ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുക്കള്‍ ആര്‍ജിക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കാനും എല്ലാ മതങ്ങള്‍ക്കുമുള്ള അധികാരം ആരുടെയും ഔദാര്യമല്ല, അതു ഭരണഘടന നല്‍കുന്ന അവകാശമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെയാണു സഭയുടെ പ്രവര്‍ത്തനമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതു കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്. കത്തോലിക്കാസഭയുടെ സുസംഘടിതമായ സംവിധാനങ്ങളെയും കെട്ടുറപ്പിനെയും മാറ്റിമറിക്കാനുള്ള ലക്ഷ്യം ചര്‍ച്ച് ബില്ലിനു പിന്നിലുണ്ടെന്നു മനസിലാക്കണം. സര്‍ക്കാര്‍ നടപ്പാക്കില്ലെന്നു പറയുമ്പോഴും ബില്ലിന്റെ പണിപ്പുരയിലുള്ളവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു സഭയിലും സമൂഹത്തിലും ബോധവത്കരണവും പ്രതിഷേധവും ആവശ്യമാണ്. ഇന്നു പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ സഭയെ സമ്മര്‍ദത്തിലാക്കും. ബില്ലിന്റെ കരട് തയാറാക്കിയ നിയമപരിഷ്‌കരണ കമ്മീഷനെതിരെയാവണം പ്രതിഷേധമെന്നും ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സഭകള്‍ക്കെതിരെയുള്ള ഗൂഢാലോചനയും സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണു ചര്‍ച്ച് ബില്ലിലൂടെ വ്യക്തമാകുന്നതെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. സഭയെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ സംഘടിതമായ നീക്കം ഇതിനു പിന്നിലുണ്ട്. സഭയുടെ ന്യായമായ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള ഏതു നീക്കത്തെയും ശക്തമായ എതിര്‍ക്കുമെന്ന സന്ദേശം നാം കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.ലിറ്റോ പാലത്തിങ്കല്‍ ചര്‍ച്ച് ബില്ലിന്റെ വിശകലനവും ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, കെസിവൈഎം അതിരൂപത സെക്രട്ടറി ജിസ്മോന്‍ ജോണ്‍, പ്രഫ. റാന്‍സമ്മ എന്നിവര്‍ പ്രതികരണങ്ങളും നടത്തി. വിഷയാവതരണങ്ങളുടെയും പ്രതികരണങ്ങളുടെയും സംഗ്രഹം പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി സിജോ പൈനാടത്തും പ്രമേയം എറണാകുളം ബസിലിക്ക കൈക്കാരന്‍ തങ്കച്ചന്‍ പേരയിലും അവതരിപ്പിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സംസാരിച്ചു.ചര്‍ച്ച് ബില്‍ നടപ്പാക്കുന്നതിന് ഉദ്ദേശമില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമനിര്‍മാണ ശുപാര്‍ശയില്‍ നിന്നു നിയമ പരിഷ്‌കരണ കമ്മീഷന്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it