Kerala

മരക്കാറിന്റെ ചരിത്രം വികൃതമാക്കുന്നു; സിനിമക്കെതിരേ ഹൈക്കോടതിയില്‍ കേസ്

കുഞ്ഞാലി മരക്കാന്മാരുടെ നേതൃത്വത്തില്‍ 1498 മുതല്‍ 1650 വരെ നടന്ന സമുദ്ര യുദ്ധത്തിന്റെ ഫലമായാണ് പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തില്‍ കോളനികള്‍ സ്ഥാപിക്കാന്‍ കഴിയാതിരുന്നത്.

മരക്കാറിന്റെ ചരിത്രം വികൃതമാക്കുന്നു;   സിനിമക്കെതിരേ ഹൈക്കോടതിയില്‍ കേസ്
X

പയ്യോളി: 'മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം' എന്ന സിനിമക്കെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ചരിത്ര പുരുഷനായ കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം വികൃതമായി അവതരിപ്പിക്കുന്നതിനാല്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കുഞ്ഞാലി മരയ്ക്കാരുടെ താവഴി കുടുംബത്തില്‍ പെട്ട കൊയിലാണ്ടി നടുവത്തൂരിലെ ഫലസ്തീന്‍ ഹൗസില്‍ മുഫീദ അറഫാത്ത് മരയ്ക്കാര്‍ ആണ് അഡ്വ. കെ നൂറുദ്ദീന്‍ മുസ്‌ല്യാര്‍ മുഖേനെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

കുഞ്ഞാലി മരയ്ക്കാര്‍ സിനിമയില്‍ പ്രണയം, വേഷം, ഭാഷ ഇതിലെല്ലാം വൈരുദ്ധ്യങ്ങളുണ്ട്. വിവാഹം കഴിക്കാതെ പോരാടി വീര മരണത്തെ പുല്‍കിയ യോദ്ധാവാണ് അദ്ദേഹം. സിനിമയില്‍ കുഞ്ഞാലി മരയ്ക്കാര്‍ക്ക് പ്രണയമുണ്ട്. ഇത് ചരിത്രം വളച്ചൊടിക്കലാണെന്നും ചരിത്ര പുരുഷനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന് പ്രണയമില്ലെന്നും സിനിമയില്‍ ഇത് തെറ്റായി ചിത്രീകരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

സിനിമയില്‍ തലപ്പാവില്‍ (മോഹന്‍ലാല്‍) ഹിന്ദു ദൈവമായ ഗണപതിയുടെ ചിഹ്നം ധരിക്കുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ ഒരു ഭക്തനായ യാഥാസ്ഥിക മുസല്‍മാനാണെന്നും അദ്ദേഹം ഒരിക്കലും ഗണപതിയുടെ ചിഹ്നം ധരിച്ചിരുന്നില്ലെന്നും ഇത് ചരിത്രത്തെ വളച്ചൊടിക്കലും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നുണ്ട്. ചരിത്രത്തില്‍ നിന്ന് വിഭിന്നമായി മസാല ചേരുവകള്‍ ചേര്‍ത്തിട്ടാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. 1600 മാര്‍ച്ച് മാസം 16 ന് കുഞ്ഞാലി മരയ്ക്കാരെയും 40 പേരെയും പോര്‍ച്ചുഗീസുകാര്‍ പിടികൂടി ഗോവയില്‍ കൊണ്ടുപോയി വമ്പിച്ച ആഘോഷ പരിപാടികളോടെ തല വെട്ടുകയും ആ വീരയോദ്ധാവിന്റെ തല കുന്തത്തില്‍ നാട്ടി ജനങ്ങളെ ഭയപ്പെടുത്താന്‍ ഗോവയിലെ പഞ്ചീമിലും ബര്‍ ദാസിലും പ്രദര്‍ശിപ്പികയുണ്ടായി. പോര്‍ച്ചുഗീസുകാര്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെങ്കിലും കുഞ്ഞാലി മരയ്ക്കാരും യോദ്ധാക്കളും തയ്യാറാകാതിരുന്നത് കൊണ്ടാണ് അദ്ദേഹത്തെയും 40 പോരാളികളെയും പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി വധിച്ചതെന്നത് ചരിത്രമാണ്. ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കുഞ്ഞാലി മരക്കാന്മാരുടെ നേതൃത്വത്തില്‍ 1498 മുതല്‍ 1650 വരെ നടന്ന സമുദ്ര യുദ്ധത്തിന്റെ ഫലമായാണ് പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തില്‍ കോളനികള്‍ സ്ഥാപിക്കാന്‍ കഴിയാതിരുന്നത്.

പൗരാണികമായ ഭാരതീയ സംസ്‌കാരത്തെയും കൊങ്കിണി ഭാഷയെയും നശിപ്പിച്ച് ഗോവയെ ഒരു പോര്‍ച്ചുഗീസു കോളനിയാക്കി 1560 മുതല്‍ 1812 വരെ ഭീകരമായും പൈശാചികവുമായ ഇന്‍ക്വിസിഷന്‍ എന്ന മത ഭീകര കോടതികള്‍ സ്ഥാപിച്ച് പതിനായിരക്കണക്കിന് നിരപരാധികളെ ജീവനോടെ ചുട്ടെരിച്ച ഏറ്റവും ലജ്ജാകരവും ഇരുണ്ടതുമായ ഒരു ചരിത്രത്തിന് ഗോവ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാര്‍മാരുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഗോവയിലെ പോര്‍ച്ചുഗ്രീസ് കോളനി കന്യാകുമാരി വരെ നീളുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള സിനിമ പ്രദര്‍ശനത്തിന് വരികയാണെങ്കില്‍ രാജ്യത്തെ നിയമ സമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it