Kerala

സിഎഎ പ്രക്ഷോഭകർക്കെതിരെയുള്ള കേസ്; വെളിവാകുന്നത് പിണറായിയുടെ ഇരട്ടമുഖം: കാംപസ് ഫ്രണ്ട്

വാചക കസർത്തു നടത്താതെ നീതി നടപ്പാക്കാൻ ആർജവം കാണിക്കണം. നിലവിൽ പ്രക്ഷോഭകർക്കെതിരേ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണം

സിഎഎ പ്രക്ഷോഭകർക്കെതിരെയുള്ള കേസ്; വെളിവാകുന്നത് പിണറായിയുടെ ഇരട്ടമുഖം: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടമുഖമാണ് വെളിവാകുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം മുഹമ്മദ് രിഫ. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും, മറുവശത്തുകൂടി പ്രസ്തുത നിയമത്തിനെതിരേ സമരം നടത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്യുന്നത് തികഞ്ഞ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്.

സംഘപരിവാര പ്രീണനമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പിൽ നിന്നും നിരന്തരമായി പ്രകടമായി കൊണ്ടിരിക്കുന്നത്. ഭരണത്തുടർച്ച മുന്നിൽകണ്ട് മുഖ്യമന്ത്രി കളിക്കുന്ന ഈ നാടകം കേരളത്തിന്റെ പൊതുബോധം തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി സംഘപരിവാർ ഭരണകൂടം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായി നിന്നാണ് ജനങ്ങൾ സമരത്തിനിറങ്ങിയത്.

എന്നാൽ വിവിധ വകുപ്പുകൾ ചാർത്തി കേസെടുക്കുകയും പോലിസിനെ ഉപയോഗിച്ചുകൊണ്ട് പ്രക്ഷോഭങ്ങളെ വേട്ടയാടാനുമാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നാണ് പ്രസ്തുത നടപടികളിലൂടെ വ്യക്തമാകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് 519 കേസുകൾ എടുത്തിട്ടുണ്ടെന്നാണ് സമീപക്കാലത്തെ വിവരാവകാശ റിപോർട്ട് പ്രകാരം പുറത്ത് വന്നത്. വാചക കസർത്തു നടത്താതെ നീതി നടപ്പാക്കാൻ ആർജവം കാണിക്കണം. നിലവിൽ പ്രക്ഷോഭകർക്കെതിരേ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും രിഫ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it