Kerala

'കെയർ കേരളം' ജപ്തിഭീഷണിയിൽ

ആയുർവേദ മരുന്ന് ഉത്പാദനം ആഗോള നിലവാരത്തിലേക്ക് ഉയർത്തുക, ചെറുകിട ആയുർവേദ വ്യവസായങ്ങളുടെ ഉത്പന്നങ്ങൾക്ക് നൂതനരീതിയിൽ വിപണനാവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്ഥാപനമാണ് കടക്കെണിയിലായതിനെ തുടർന്ന് എസ്.ബി.ഐയുടെ ജപ്തി ഭീഷണി നേരിടുന്നത്.

കെയർ കേരളം ജപ്തിഭീഷണിയിൽ
X

തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ 'കെയർ കേരളം' ജപ്തിഭീഷണിയിൽ. ആയുർവേദ മരുന്ന് ഉത്പാദനം ആഗോള നിലവാരത്തിലേക്ക് ഉയർത്തുക, ചെറുകിട ആയുർവേദ വ്യവസായങ്ങളുടെ ഉത്പന്നങ്ങൾക്ക് നൂതനരീതിയിൽ വിപണനാവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്ഥാപനമാണ് കടക്കെണിയിലായതിനെ തുടർന്ന് എസ്.ബി.ഐയുടെ ജപ്തി ഭീഷണി നേരിടുന്നത്. കെയർ കേരളത്തിന് നിലവിൽ 8.39 കോടി രൂപയുടെ ബാധ്യതയുണ്ട്. ആയുഷ് വകുപ്പിന്റെ 10 കോടിയുടെ ഗ്രാന്റോടുകൂടി കിൻഫ്രയും കേരളത്തിലെ ഔഷധ നിർമ്മാതാക്കളും ചേർന്ന് 2008-ൽ പ്രവർത്തനമാരംഭിച്ച കെയർ കേരളത്തിനായി ആയുർവേദ വ്യവസായികൾ നാലുകോടി രൂപയോളം നിക്ഷേപിച്ചിരുന്നു. തൃശ്ശൂരിലെ കിൻഫ്ര പാർക്കിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനു തിരിച്ചടിയായത് എസ്.ബി.ഐ.യിൽനിന്ന് 10.59 കോടി രൂപ പ്രവർത്തനമൂലധനം വാങ്ങിയതാണ്. പലിശയടക്കം കോടികൾ അടച്ചെങ്കിലും കൃത്യമായി ഇവ അടയ്ക്കുന്നതിൽ വീഴ്ചവന്നു. ഇതോടെ എസ്.ബി.ഐ. സ്ഥാപനത്തിന്റെ അക്കൗണ്ട് നോൺ പെർഫോമൻസ് അക്കൗണ്ടാക്കിമാറ്റി ലേലത്തിൽവച്ചു. 8.39 കോടി രൂപ അടച്ചാൽ ബാധ്യത ഒഴിവാക്കി നൽകാമെന്ന് ബാങ്ക് അറിയിച്ചിരുന്നു. ഇത് ആറുകോടി രൂപയായി നിജപ്പെടുത്തണമെന്നറിയിച്ച് 80 ലക്ഷം രൂപ അഡ്വാൻസായി കെട്ടിവച്ചിരുന്നു. എന്നാൽ ഇത് ബാങ്കിന് സ്വീകാര്യമായില്ല. ഇതേത്തുടർന്ന് ലേലനടപടികളുമായി മുന്നോട്ടുപോകുകയാണ് ബാങ്ക്.

കൊവിഡിന്റെ സാഹചര്യത്തിൽ ആറുകോടി രൂപയായി ബാധ്യത ചുരുക്കിനൽകണം, ഇതിന് മൂന്നുവർഷം മൊറട്ടോറിയം പ്രഖ്യാപിക്കണം, ബാങ്കിൽ കൊടുത്തിരിക്കുന്ന 80 ലക്ഷം രൂപ പ്രവർത്തന മൂലധനം ആയി തിരിച്ചുനൽകണം എന്നിവയാണ് കെയർ കേരളത്തിന്റെ ആവശ്യം. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് അറിയിച്ച് ആയുർവേദ ഔഷധ നിർമ്മാതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Next Story

RELATED STORIES

Share it