Kerala

മുന്നാക്ക സംവരണം: പിഎസ്‌സി ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പളം ആറുമാസം കൂടി പിടിക്കാനുള്ള നിർദേശം നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുന്നാക്ക സംവരണം: പിഎസ്‌സി ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചു
X

തിരുവനന്തപുരം: മുന്നാക്കക്കാർക്ക് സംവരണം നൽകുന്നത് സംബന്ധിച്ച് പിഎസ്‌സി നിർദേശിച്ച ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം എന്ന സർക്കാർ പ്രഖ്യാപനം യാഥാർഥ്യമാകും. സർക്കാർ നിയമനങ്ങളിൽ അടക്കം ഈ സംവരണം നിലവിൽ വരും. ഈ സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിൽ ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നാക്കവിഭാഗങ്ങളിൽ സംവരണത്തിന് അർഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനര്‍ഹമായവരെ തീരുമാനിക്കുന്നത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇത് കൂടാതെ കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സർക്കാർ ജീവനക്കാരുടെ ശമ്പളം ആറുമാസം കൂടി പിടിക്കാനുള്ള നിർദേശം നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ സാലറി കട്ടിന്‍റെ ഭാഗമായി പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും. ഒരുമാസത്തെ ശമ്പളമാണ് സർക്കാർ ജീവനക്കാരിൽ നിന്ന് പിടിച്ചത്. ഇങ്ങനെ പി.എഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി.എഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പി.എഫ് നിരക്കില്‍ പലിശ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്‍പ്പെടെ പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തേയും തുക തുല്യ തവണകളായി നല്‍കുന്നതാണ്.

സാലറി കട്ട് തുടരാനുള്ള ധനവകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഇടത് അനുകൂല സർവീസ് സംഘടനകൾ അടക്കം രംഗത്തുവന്നിരുന്നു. വിവിധ സംഘടനകളുമായി ധനകാര്യ മന്ത്രി അടക്കം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രിസഭ യോഗം സാലറി കട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it