Kerala

വയനാട് ബിജെപിയില്‍ പൊട്ടിത്തെറി, കൂട്ടരാജിക്ക് നീക്കം

ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി അംഗങ്ങളായ മുഴുവന്‍ പേരും ഇന്ന് ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

വയനാട് ബിജെപിയില്‍ പൊട്ടിത്തെറി, കൂട്ടരാജിക്ക് നീക്കം
X

സുല്‍ത്താന്‍ ബത്തേരി: പാര്‍ട്ടി പുനസംഘടനയ്ക്ക്‌ പിന്നാലെ വയനാട് ബിജെപിയില്‍ പൊട്ടിത്തെറി. നേതാക്കള്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങി. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി അംഗങ്ങളായ മുഴുവന്‍ പേരും ഇന്ന് ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

പുതിയ ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുത്തതിലുള്ള പ്രതിഷേധമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെ പി മധുവിനെ ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു.

കോടികളുടെ ഫണ്ട് തട്ടിയെടുത്തെന്നാരോപിച്ച് കെ പി മധുവിനെതിരേ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കും മറ്റും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പക്ഷക്കാരന്‍ കൂടിയാണ് കെ പി മധു.

ഇന്ന് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു കൂട്ട രാജിക്ക് നേതാക്കള്‍ തയ്യാറെടുത്തിരിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനാണ് ഓഫീസ് ഉദ്ഘാടനത്തിനായി എത്തുന്നത്. കെ സുരേന്ദ്രനടക്കമുള്ളവരും പങ്കെടുത്തേക്കും. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനാണ് രാജിക്കായി ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.

കെ വി മധുവിനെതിരേ ജില്ലയില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കുള്ളില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി ഉണ്ടായേക്കും.

Next Story

RELATED STORIES

Share it