Kerala

നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കം; 42 വർഷം ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് നഷ്‌ടമാകുന്നു

42 വർഷമായി യുഡിഎഫിന്റെ കൈയിലുളള പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ ഒറ്റയടിക്ക് നഷ്‌ടമാകുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കം; 42 വർഷം ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് നഷ്‌ടമാകുന്നു
X

പാലക്കാട്: ഷാഫി പറമ്പിലിനെതിരേ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഡിസിസി അദ്ധ്യക്ഷൻ എവി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് നഷ്‌ടമായേക്കും. എവി ഗോപിനാഥ് അടക്കമുളള യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സമിതിയിൽ നിന്ന് രാജിവയ്‌‌ക്കാനുളള നീക്കം ആരംഭിച്ചു.

42 വർഷമായി യുഡിഎഫിന്റെ കൈയിലുളള പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ ഒറ്റയടിക്ക് നഷ്‌ടമാകുന്നത്. പതിനാറംഗ ഭരണസമിതിയിൽ കോൺഗ്രസിന് 11 അംഗങ്ങളാണുളളത്. സിപിഎമ്മിന് അഞ്ചംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.

രാജി ചർച്ച ചെയ്യാൻ വൈകിട്ട് കോൺഗ്രസ് അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. രാജി പ്രഖ്യാപനത്തിലൂടെ പുതിയ സമ്മർദ്ദ തന്ത്രവുമായി കളത്തിലിറങ്ങാനാണ് എവി ഗോപിനാഥിന്റെ ലക്ഷ്യം. രണ്ട് ദിവസത്തിനുളളിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന് എവി ഗോപിനാഥ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

എവി ഗോപിനാഥുമായി സമവായചർച്ചയ്‌ക്ക് വികെ ശ്രീകണ്‌ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും അതിന്റെ ഇരയാണ് താനെന്നുമാണ് എവി ഗോപിനാഥ് പറയുന്നത്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായശേഖരണം നടത്തുകയാണെന്നും, തന്നെ ഡിസിസി പ്രസിഡന്റാക്കാമെന്ന് നേരത്തേ ഉറപ്പ് നൽകിയതാണെന്നും എവി ഗോപിനാഥ് പറയുന്നു.

താനായിട്ട് നേതൃത്വത്തോട് ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ല. എന്തുകൊണ്ട് നടപ്പായില്ല എന്നുമറിയില്ല. തന്റെ പേര് നിർദേശിച്ച കാര്യം ചെന്നിത്തല അറിയിച്ചതുമാണ്. എന്നിട്ടുമത് നടപ്പായില്ല. താനിറങ്ങിയാൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അത് പുതിയ ഊർജമാകും. അത് ചിലർക്കിഷ്‌ടമല്ലെന്നും എവി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it