Kerala

വളർത്തുനായയെ വാഹനം കയറ്റി കൊന്നയാള്‍ അറസ്റ്റിൽ

ഒക്ടോബർ മൂന്നിന് രാവിലെ നടന്ന ദാരുണമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലിസ് നടപടി.

വളർത്തുനായയെ വാഹനം കയറ്റി കൊന്നയാള്‍ അറസ്റ്റിൽ
X

കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയിൽ വള‍ർത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്ന ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലിസ് നടപടി.

ഒക്ടോബർ മൂന്നിന് രാവിലെ നടന്ന ദാരുണമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലിസ് നടപടി. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കിയത്. ഗുരുതരമായി പരിക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അന്നുതന്നെ ചത്തിരുന്നു. പ്രദേശവാസികൾ സംസ്കരിച്ച നായയുടെ മൃതദേഹം പോലിസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് മെഡിക്കല്‍ കോളജ് പോലിസ് സന്തോഷ് കുമാറിനെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാൾക്കെതിരെ മൊഴി നല്‍കിയിരുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it