Kerala

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവനെ അപായപ്പെടുത്താന്‍ ശ്രമം

നാല് തവണ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം വീടിന് അടുത്തുവച്ച് പോലും ആക്രമണ ശ്രമം ഉണ്ടായെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സുമിത് കുമാര്‍ പോലിസിന് നല്‍കിയ പരാതിയിലുണ്ട്

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവനെ അപായപ്പെടുത്താന്‍ ശ്രമം
X

കോഴിക്കോട്: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ തലവനെ അപായപ്പെടുത്താന്‍ ശ്രമം. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

വയനാട് കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതല്‍ എടവണ്ണപ്പാറ വരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം കൊണ്ടോട്ടി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

നാല് തവണ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം വീടിന് അടുത്തുവച്ച് പോലും ആക്രമണ ശ്രമം ഉണ്ടായെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സുമിത് കുമാര്‍ പോലിസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. രണ്ട് ബൈക്കുകളാണ് ആദ്യം തന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയതെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ സുമിത് കുമാര്‍ പറയുന്നു.

രണ്ട് കാറുകള്‍ കൂടി പിന്നീട് എത്തി. ഒരു ബൈക്കും കാറും തന്റെ വാഹനത്തെ മറികടന്ന് മുന്നില്‍ കയറി. എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ നമ്പറുകള്‍ അദ്ദേഹം പോലിസിന് കൈമാറിയിട്ടുണ്ട്. തന്റെ വാഹനത്തെ മറികടന്ന് മുന്നിലെത്തിയ ഒരു ബൈക്കിന്റെയും കാറിന്റെയും രജിസ്റ്റര്‍ നമ്പറുകളാണ് പോലിസിന് കൈമാറിയത്.

സംഭവത്തില്‍ കസ്റ്റംസും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ തലവന്‍ കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വിവരം എങ്ങനെ ആക്രമി സംഘത്തിന് ചോര്‍ന്നുകിട്ടി എന്നതും ഗൗരവമേറിയ കാര്യമാണ്.

Next Story

RELATED STORIES

Share it