Kerala

ഏറനാട് മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നു

2016ല്‍ കെ ടി അബ്ദുറഹിമാന്‍ ആയിരുന്നു ഇടത് മുന്നണിക്ക് വേണ്ടി മത്സര രംഗത്ത് ഉണ്ടായിരുന്നത്. മുന്നണിയിലെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശക്തമായ മത്സരമാണ് ഇവിടെ നടന്നിരുന്നത്.

ഏറനാട് മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നു
X

അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നു. ഫുട്‌ബോള്‍ താരവും മുന്‍ എംഎസ്പി കമാന്ററുമായ യു ഷറഫലിയുമായി മുന്നണി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതക്ക് കാരണം.

2016ല്‍ കെ ടി അബ്ദുറഹിമാന്‍ ആയിരുന്നു ഇടത് മുന്നണിക്ക് വേണ്ടി മത്സര രംഗത്ത് ഉണ്ടായിരുന്നത്. മുന്നണിയിലെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശക്തമായ മത്സരമാണ് ഇവിടെ നടന്നിരുന്നത്. നിലവില്‍ മുന്നണി പരിഗണനയിലുള്ള സ്ഥാനാര്‍ഥി പൊതുജന സമ്മതനല്ലെന്ന വാദമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ജനകീയനല്ലാത്ത ഒരാള്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍.

പൊതു സ്വീകാര്യനായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ നിലവിലെ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് പ്രാദേശിക ഘടകങ്ങള്‍ അവകാശപ്പെടുന്നത്.

2011 ലെ തിരഞ്ഞെടുപ്പില്‍ പ്രാദേശിക ഘടകങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കാതെയാണ് മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇക്കാരണത്താല്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ മുന്നണി സ്ഥാനാര്‍ഥിക്ക് എതിരായി പ്രവര്‍ത്തിക്കുന്നതിനും മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. പൊതു സമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മുന്നണി നേതൃത്വം തയ്യാറായില്ലങ്കില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് പ്രാദേശിക പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it