Top

അസ്‌ലം വധക്കേസ് നടത്തിപ്പും കുടുംബത്തിന്റെ സംരക്ഷണവും; ലീഗ് വീണ്ടും പ്രതിരോധത്തില്‍

കുടുംബത്തിനായി പാര്‍ട്ടി പിരിച്ച ഒന്നേകാല്‍ കോടി എവിടെ..?

അസ്‌ലം വധക്കേസ് നടത്തിപ്പും കുടുംബത്തിന്റെ സംരക്ഷണവും; ലീഗ് വീണ്ടും പ്രതിരോധത്തില്‍
X

പി സി അബ്ദുല്ല

കോഴിക്കോട്: തൂണേരിയില്‍ നാലുവര്‍ഷം മുമ്പ് സിപിഎമ്മുകാരാല്‍ നിഷ്ഠൂരമായി കൊല്ലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കുടുംബത്തെ മുസ്‌ലിം ലീഗ് കൈയൊഴിഞ്ഞതായി ആക്ഷേപം ശക്തം. അസ്‌ലമിന്റെ നാലാം ചരമവാര്‍ഷികത്തില്‍ പുറത്തുവന്ന മാതാവ് സുബൈദയുടെ ശബ്ദസന്ദേശവും അനുബന്ധചര്‍ച്ചകളും പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കി. അസ്‌ലം വധക്കേസില്‍ തുടക്കം മുതലേ ലീഗ് സിപിഎമ്മുമായി ഒത്തുകളിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് കുടുംബത്തെ പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന അസ്‌ലമിന്റെ ഉമ്മയുടെ ഓഡിയോ ക്ലിപ്പും കഴിഞ്ഞദിവസം പുറത്തുവന്നത്.

സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2017 കോഴിക്കോട്ട് ലീഗ് സമരത്തില്‍ പങ്കെടുത്ത അസ്‌ലമിന്റെ മാതാവിനെ അറസ്റ്റുചെയ്തുകൊണ്ടു പോവുന്നു

കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ നിലവിലുള്ളതിനു പുറമെ അസ്‌ലമിന്റെ കുടുംബത്തിനായി പാര്‍ട്ടി പിരിച്ച ഒന്നേകാല്‍ കോടിയോളം രൂപ എന്തുചെയ്തുവെന്ന ചോദ്യവും വീണ്ടും ചര്‍ച്ചയായി. ഇതിനിടയിലാണ് പാര്‍ട്ടി കൈയൊഴിഞ്ഞ കുടുംബത്തിന്റെ ദൈന്യത വിവരിച്ച് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ മാതാവുതന്നെ രംഗത്തുവന്നിരിക്കുന്നത്. ഹൃദയഭേദകമായ പരാമര്‍ശങ്ങളാണ് അസ്‌ലമിന്റെ മാതാവ് സുബൈദയുടെ ശബ്ദസന്ദേശത്തിലുള്ളത്. ഭര്‍ത്താവോ മറ്റ് ആണ്‍മക്കളോ ഇല്ലാത്ത കുടുംബത്തിലെ ഏക ആണ്‍തരിയായിരുന്ന അസ്‌ലം ലീഗിന്റെ പേരില്‍ കൊല്ലപ്പെട്ട ശേഷം പാര്‍ട്ടിയും കൈവിട്ടതിന്റെ വ്യസനമാണ് അവര്‍ പങ്കു വച്ചത്.

അസ്‌ലം വധത്തിന്റെ പേരിലുള്ള ലീഗിന്റെ രാഷ്ട്രീയ സമരങ്ങളിലേക്കു വലിച്ചിഴക്കപ്പട്ട് കേസുപോലും നേരിടേണ്ടിവന്ന സുബൈദയുടെ സങ്കടങ്ങളോട് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ മുഖം തിരിക്കുകയാണെന്നാണ് അവയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.''എന്റെ മോന്‍ മരിച്ചിട്ട് ഇന്നേയ്ക്ക് നാലുകൊല്ലമായി. കേസിനെക്കുറിച്ച് എല്ലാവരോടും ചോദിച്ചു. അതിനുള്ള മറുപടി എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് ഭര്‍ത്താവില്ല. അസ്‌ലമിന് ഏട്ടനോ അനിയനോ ആരുമില്ല. അവന്റെ ഉപ്പാക്കും ഏട്ടനോ അനിയനോ ആരുമില്ല. അങ്ങനത്തെ ഒരാളുണ്ടെങ്കില്‍ ഞാന്‍ അവരോട് പറഞ്ഞ് കേസിന്റെ കാര്യം അന്വേഷിപ്പിക്കുമായിരുന്നു. പാര്‍ട്ടിക്കാരോട് ചോദിക്കുമ്പോള്‍ ഞങ്ങള്‍ നോക്കുന്നുണ്ട് എന്നു പറയും. പിന്നെ ഒന്നും കേള്‍ക്കൂല.

അല്ലാഹുവിനോട് പ്രാര്‍ഥിക്കാനാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. പക്ഷേ, അസ്ലമിനു നീതി കിട്ടണം. അതിനു ഞാന്‍ ആരോടാണു പറയേണ്ടത്. ഞാനെന്താ ചെയ്യേണ്ടത്... എന്നിങ്ങനെയാണ് ശബ്ദസന്ദേശത്തിലെ പരാമര്‍ശങ്ങള്‍. കേസ് നടത്തിപ്പിനെക്കുറിച്ചുള്ള അസ്ലമിന്റെ മാതാവിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ല. കേസില്‍ ആദ്യം റിമാന്റിലായ പ്രധാന പ്രതികളുടെ തിരിച്ചറിയല്‍ പരേഡിന് ലീഗുകാരായ രണ്ടു പ്രധാനസാക്ഷികള്‍ ഹാജരാവാതിരുന്നതില്‍ തുടങ്ങിയതാണ് ഒത്തുകളി ആരോപണങ്ങള്‍. കോടതി വഴി നോട്ടീസ് അയച്ചിട്ടും കേസിലെ ഏറ്റവും പ്രധാന സാക്ഷികളായ ലീഗ് പ്രവര്‍ത്തകര്‍ തെളിവെടുപ്പിനെത്തിയില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മാറാട് പ്രത്യേക കോടതിയില്‍ അസ്‌ലം വധക്കേസ് വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. എന്നിട്ടും ഈ രണ്ടുനിര്‍ണായക സാക്ഷികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാന്‍ ലീഗ് ഇടപെട്ടില്ല. ഈ പ്രോസിക്യൂഷന്‍ സാക്ഷികളുടെ അഭാവത്തില്‍ തന്നെ വിചാരണ നടക്കാനാണു നിലവിലെ സാധ്യത. അത് പ്രതിഭാഗത്തിന് ഏറെ ഗുണകരമാവുമെന്നതില്‍ തര്‍ക്കവുമില്ല. വിചാരണഘട്ടമെത്തിയിട്ടും കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനു പിന്നിലും ലീഗിന്റെ താല്‍പര്യമില്ലായ്മയാണെന്നാണ് ആക്ഷേപം. തൂണേരി ഷിബിന്‍ വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സി കെ ശ്രീധരനെ അസ്‌ലം കേസില്‍ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, ഇതിനായി ലീഗ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നാണ് ആരോപണം.

അസ്‌ലമിന്റെ കുടുംബത്തെ സഹായിക്കാനായി മുസ്‌ലിം ലീഗും പോഷകസംഘടനകളും ഒന്നേകാല്‍ കോടിയോളം പിരിച്ചുവെന്നാണ് ലീഗ് പ്രവര്‍ത്തകര്‍തന്നെ പറയുന്നത്. അങ്ങനെ പണം പിരിച്ചുവെങ്കില്‍ അത് എന്തുചെയ്തു എന്നതിന് വ്യക്തമായ ഉത്തരമില്ല. സിപിഎമ്മുകാര്‍ പ്രതികളായ തൂണേരി കലാപത്തിലെ നാശനഷ്ടങ്ങളുടെ പേരില്‍ സര്‍ക്കാരില്‍നിന്നു ലഭിച്ച 17 ലക്ഷത്തോളം രൂപ മാത്രമാണ് സാമ്പത്തിക സഹായമായി അസ്‌ലമിന്റെ കുടുംബത്തിനു ലഭിച്ചത്. മുസ്‌ലിം ലീഗ് 30 ലക്ഷം ചെലവഴിച്ച് കുടുംബത്തിനു വാണിമേലില്‍ വീടുവച്ചു നല്‍കിയെന്നും മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കിയില്ലെന്നും സി കെ സുബൈര്‍, സൂപ്പി നരിക്കാട്ടേരിയടക്കമുള്ള മേഖലയിലെ പ്രധാന ലീഗ് നേതാക്കളും പറയുന്നു.

സര്‍ക്കാരില്‍നിന്നു ലഭിച്ച ധനസഹായം കുടുംബത്തിന്റെ ഉപജീവനത്തിനു പര്യാപ്തമാണെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്. അക്കാര്യം അവര്‍ ഇന്ന് തേജസ് ന്യൂസിനോട് തുറന്നുപറയുകയും ചെയ്തു. എന്നാല്‍, അസ്‌ലമിന്റെ കുടുംബത്തിന് സ്ഥിരവരുമാനമാവുന്ന രീതിയില്‍ കല്ലാച്ചിയിലോ മറ്റോ കെട്ടിടം നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് ഒരുകോടിയിലേറെ രൂപ പാര്‍ട്ടി പിരിച്ചെന്നും അത് ചെലവഴിച്ചില്ലെന്നുമുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ഇതുസംബന്ധിച്ച് പ്രദേശത്തെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയതെന്നു പറയപ്പെടുന്ന സംഭാഷണവും പുറത്തായിട്ടുണ്ട്. അതേസമയം, ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണു ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it