Kerala

അങ്കമാലി അതിരൂപതയിലെ സ്ഥലം വില്‍പനക്ക് വ്യാജരേഖയെന്ന് ; കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി

അങ്കമാലി അതിരൂപതയിലെ സ്ഥലം വില്‍പനക്ക് വ്യാജരേഖയെന്ന് ; കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി
X

കൊച്ചി: ഇടവേളയക്ക് ശേഷം എറണാകൂളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന കേസ് വീണ്ടും ചൂടുപിടിക്കുന്നു.എറണാകുളം അങ്കമാലി അതിരൂപയിലെ ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് വ്യജരേഖ ചമച്ചെന്നാരോപിച്ച് കര്‍ദിനാളിനെതിരെ പോലിസില്‍ പരാതി. കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വക്കേറ്റ് പോളച്ചന്‍ പുതുപാറയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഭൂമി ഇടപാടില്‍ ആരോപണവിധേയരായ ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരാണ് പരാതിയില്‍ രണ്ടും മൂന്നും പ്രതികള്‍. വാഴക്കാല യിലെ 31.97ആര്‍ സ്ഥലത്തിന്റെ വില്‍പ്പന നടത്തിയത് വ്യജരേഖയുണ്ടാക്കിയായിരുന്നുവെന്ന് ആരോപിച്ച് നേരത്തെ ആര്‍ച് ഡയോഷ്യമന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി) നേതാക്കള്‍ രംഗത്തു വന്നിരുന്നു.. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഇവര്‍ പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഡ്വ. പോളച്ചന്‍ പുതുപ്പാറെ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ വാഴക്കാല വില്ലേജില്‍ ബ്ലോക്ക് എട്ട് റീസര്‍വേ 407/1യില്‍പ്പെട്ട 27.9 ആര്‍.ഭുമി 2017 മാര്‍ച്ച് 20 നും അടുത്ത ദിവസങ്ങളിലുമായി ഏഴ് ആധാരങ്ങള്‍ വഴി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്ലോട്ടുകളായി തിരിച്ച് വ്യത്യസ്ത വ്യക്തികള്‍ക്ക് വിറ്റ് പണം വാങ്ങുകയുണ്ടായെന്ന് അഡ്വ.പോളച്ചന്‍ പുതുപ്പാറ സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.അതിരൂപതയുടെ ഫിനാന്‍സ് ഓഫിസറായിരുന്ന ഫാ. ജോഷി പുതുവയാണ് ഈ വ്യാപാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

സാജു വര്‍ഗീസായിരുന്നു ഇടനിലക്കാരന്‍.ഈ വസ്തുവിന് പട്ടയമോ ആധാരമോ ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ 2016 ഡിസംബര്‍ 19 ന് കൂടിയ എറണാകുളം-അങ്കമാലി അതിരൂപതയുടെ ആലോചന സമിതിയോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചതനുസരിച്ച് ജോഷി പുതുവയെ രേഖകള്‍ സംഘടിപ്പിക്കാന്‍ ചുമതലപെടുത്തിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.ഇതിന്റെ തെളിവ് പോലീസിന് പരാതിക്കൊപ്പം കൈമാറിയതായും അഡ്വ. പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.ഈ വസ്തുവിന് പട്ടയമോ ആധാരമോ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഒരു വ്യാജ പട്ടയം ഈ മൂന്നു പേരും കൂടി നിര്‍മിക്കുകയായിരുന്നുവെന്നും പോളച്ചന്‍ പുതുപ്പാറ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

1976 ല്‍ എറണാകുളം ലാന്റ് ട്രിബ്യൂണല്‍ സ്വമേധ 392 എന്ന ഫയല്‍ നമ്പറില്‍ 197 നമ്പറായി 1976 ലെ പട്ടയമാണ് സൃഷ്ടിച്ചത്. ഈ വ്യാജ പട്ടയം വാഴക്കാല വില്ലേജ് ആഫിസില്‍ ഫാ.ജോഷി പുതുവ ഹാജരാക്കുകയും വസ്തു പോക്കു വരവ് ചെയ്യുകയും ചെയ്തു. പട്ടയത്തിന്റെ ഒറിജിനലും അപേക്ഷയും ഹാജരാക്കി വില്ലേജ് ആഫിസര്‍ ബോധ്യപെടുകയും ഫോട്ടോ കോപ്പി ഫയലില്‍ വെച്ചിട്ട് ഒറിജിനല്‍ തിരിച്ചു കൊടുക്കുകയും ചെയ്തുവെന്നും അഡ്വ പോളച്ചന്‍ പുതുപ്പാറ പരാതിയില്‍ ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോള്‍ കിട്ടിയതാണ് രേഖ. ഈ മുന്നു പേരും കൂടി ഗൂഡാലോചന നടത്തി സൃഷ്ടിച്ച വ്യാജ പട്ടയം ഉപയോഗിച്ചാണ് ഈ വസ്തുവിന്റെ ഏഴു പ്ലോട്ടുകളും ആധാരം നടത്തിയതെന്നും പോളച്ചന്‍ പുതുപ്പാറ പരാതിയില്‍ പറയുന്നു. വ്യാജ പട്ടയം നിര്‍മിച്ചവര്‍ക്ക് ചരിത്ര ബോധം ഇല്ലാതിരുന്നതിനാല്‍ അമിളി പിണയുകായിരുന്നു. പട്ടയല്‍ത്തില്‍ പറയുന്നത്.മാര്‍ ജോസഫ് പാറക്കേട്ടിലിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയക്ക് പട്ടയം നല്‍കിയെന്നാണ്.1976 ല്‍ എറണകുളം അതിരൂപതയായിരുന്നു. 1992 ല്‍ മാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍ വന്നത് ഇതാണ് പട്ടയം വ്യാജമാണെന്ന് സംശയം തോന്നിയതെന്നും അഡ്വ പോളച്ചന്‍ പുതുപ്പാറ പറയുന്നു.

തൃപ്പൂണിത്തുറ ലാന്റ് ട്രിബ്യൂണലില്‍ വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ വ്യാജനെന്ന് സംശയിക്കുന്ന പട്ടയത്തിന്റെ എസ്എം392/1975 എന്ന ഫയല്‍ ലഭ്യമല്ല എന്നാല്‍ ഒഎ 392/1975 എന്ന അപേക്ഷ പ്രകാരമുളള പട്ടയം ലഭ്യമാണെന്ന് പറഞ്ഞ് അതിന്റെ പകര്‍പ്പ് നല്‍കി.അത് കുമ്പളം വില്ലേജിലെ കുഞ്ഞിത്താത്തയുടെ പേരിലാണെന്നും പോളച്ചന്‍ പുതുപ്പാറ പറയുന്നു.വ്യാജ പട്ടയം നിര്‍മിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ,സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ കുറ്റകരമായ ഗൂഡാലോചനയാണ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.അഡ്വ പോള്ച്ചന്‍ പുതുപ്പാറയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുൂമെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു. തന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയില്ലെങ്കില്‍ കേടതിയെ സമീപിക്കുമെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.




Next Story

RELATED STORIES

Share it