Kerala

മോഫിയയുടെ പരാതി ലഭിച്ചിരുന്നു; ആലുവ സിഐ മോശമായി പെരുമാറിയത് അന്വേഷിക്കും: വനിതാ കമ്മീഷൻ

ഭർതൃവീട്ടുകാർക്കെതിരേ മോഫിയ പരാതി നൽകിയിരുന്നു. എട്ട് മാസങ്ങൾക്കു മുമ്പാണ് മോഫിയയും സുഹൈലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചിരുന്നു.

മോഫിയയുടെ പരാതി ലഭിച്ചിരുന്നു; ആലുവ സിഐ മോശമായി പെരുമാറിയത് അന്വേഷിക്കും: വനിതാ കമ്മീഷൻ
X

കൊച്ചി: ആലുവയിൽ നവ വധു മോഫിയ പർവിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മോഫിയയുടെ പരാതി ലഭിച്ചിരുന്നുവെന്ന് സതീദേവി പറഞ്ഞു. റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ പകർപ്പ് സഹിതമാണ് വനിതാ കമ്മീഷന് പരാതി ലഭിച്ചതെന്ന് അവർ പറഞ്ഞു. ആലുവ സിഐ യുവതിയോട് മോശമായി പെരുമാറിയത് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സതീദേവി വ്യക്തമാക്കി.

സംഭവത്തിൽ ആലുവ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഫിയയുടെ മരണത്തിൽ ഭർത്താവിനെതിരേ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃവീട്ടുകാർക്കെതിരേ മോഫിയ പരാതി നൽകിയിരുന്നു. എട്ട് മാസങ്ങൾക്കു മുമ്പാണ് മോഫിയയും സുഹൈലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചിരുന്നു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകി. ഇന്നലെ മോഫിയയുടേയും സുഹൈലിന്റെയും കുടുംബക്കാരെ സിഐ മധ്യസ്ഥ ചർച്ചയ്ക്കായി വിളിച്ചു വരുത്തിയിരുന്നു.

തിങ്കളാഴ്ച ആലുവ സിഐയുടെ സാന്നിധ്യത്തിൽ വീട്ടുകാരുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ സിഐ ഭർതൃവീട്ടുകാരെ ന്യായീകരിക്കുകയും പെൺകുട്ടിയോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. എന്നാൽ തൻ്റെ മുന്നിൽ വച്ച് പെൺകുട്ടി ഭർത്താവിനെ തല്ലിയെന്നും അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. സ്റ്റേഷനിൽ നിന്ന് മടങ്ങി വീട്ടിലെത്തി മുറി അടച്ചിട്ട ശേഷമാണ് മോഫിയ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഢനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് മോഫിയ വീട്ടുകാരോട് പറഞ്ഞിരുന്നു.

തിങ്കളാഴ്ച സ്റ്റേഷനിലെത്തിയപ്പോൾ സിഐ മകളെ ചീത്ത വിളിച്ചുവെന്ന് മോഫിയയുടെ പിതാവ് പറഞ്ഞു. രണ്ട് മാസം മുമ്പ് സുഹൈൽ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസും 2500 രൂപയും അയച്ചിരുന്നു. വിവാഹമോചന ശേഷം മതാചാര പ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇക്കാര്യത്തിൽ പരാതി നൽകാനാണ് പോലിസിനെ സമീപിച്ചത്. എന്നാൽ ഗാർഹിക പീഡനമടക്കമുള്ള ഒരു പരാതിയും സ്വീകരിക്കാൻ പോലിസ് തയ്യാറായില്ല. തിങ്കളാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ സിഐ മകളെ ചീത്ത വിളിച്ചു. ഇക്കാര്യം മോഫിയ ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ മരിച്ചാൽ പോലും അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല്ല. സിഐക്കെതിരേ നടപടിയെടുക്കണം. സുഹൈൽ, ഫാദർ, മദർ ക്രിമിനലുകളാണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എൻ്റെ അവസാനത്തെ ആഗ്രഹം." എന്നാണ് യുവതി ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

Next Story

RELATED STORIES

Share it