Kerala

കുട്ടനാട്ടിലെ അടിയന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ല കലക്ടര്‍ അധ്യക്ഷനായി സമിതി

തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍.രണ്ടാം കുട്ടനാട് പാക്കേജ് ജനാഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.ഒന്നാം കുട്ടനാട് പാക്കേജില്‍ ഉണ്ടായ പാളിച്ചകള്‍ രണ്ടാം പാക്കേജില്‍ ഉണ്ടാവില്ലെന്നും കുട്ടനാടിനെ രക്ഷിക്കാന്‍ സമഗ്രവും സമ്പൂര്‍ണവുമായ വികസന പദ്ധതിയാണ് നടപ്പാക്കുകയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

കുട്ടനാട്ടിലെ അടിയന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ല കലക്ടര്‍ അധ്യക്ഷനായി സമിതി
X

ആലപ്പുഴ: കുട്ടനാട് നേരിടുന്ന അടിയന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ല കലക്ടര്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദും ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും മങ്കൊമ്പ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും കര്‍ഷക-രാഷ്ട്രീയ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

കുട്ടനാട് നിലവില്‍ നേരിടുന്ന അടിയന്തരപ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായാണ് ജില്ല കലക്ടര്‍ ചെയര്‍മാനും ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കോ-ഓര്‍ഡിനേറ്ററുമായി സമിതി രൂപീകരിച്ചതെന്ന് മന്ത്രിമാര്‍ പറഞ്ഞു. പ്രധാനവകുപ്പുകളിലെ ഉന്നതഉദ്യോഗസ്ഥര്‍ സമിതിയിലുണ്ടാകും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട്ടിലെ ജനങ്ങളുടെയും കര്‍ഷകരുടെയും അഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് അലോചിച്ച് തയാറാക്കുന്ന പദ്ധതികളായിരിക്കില്ല. പാടശേഖരസമിതികളുടേതടക്കം പ്രാദേശികമായ അഭിപ്രായങ്ങളും അറിവും സമന്വയിപ്പിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കാത്ത ശാസ്ത്രീയമായി നടപ്പാക്കാന്‍ പറ്റുന്ന പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കും. ലോവര്‍-അപ്പര്‍ കുട്ടനാട്ടിലെ എം.എല്‍.എ.മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും യോഗങ്ങള്‍ പ്രത്യേകമായി അടിയന്തരമായി ചേരുമെന്നും കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം കുട്ടനാട് പാക്കേജില്‍ ഉണ്ടായ പാളിച്ചകളൊന്നും രണ്ടാം പാക്കേജില്‍ ഉണ്ടാവില്ലെന്നും കുട്ടനാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സമഗ്രവും സമ്പൂര്‍ണവുമായ വികസന പദ്ധതിയാണ് നടപ്പാക്കുകയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കുട്ടനാട്ടുകാരെ ഭയചകിതരാക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നു. കുട്ടനാട്ടുകാര്‍ക്ക് ഒരാശങ്കയും വേണ്ട, സര്‍ക്കാര്‍ ജനങ്ങളുമായി യോജിച്ച് നിന്ന് പദ്ധതികള്‍ നടപ്പാക്കും. തോട്ടപ്പള്ളി സ്പില്‍വേ ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍, പുതിയ ഷട്ടറുകള്‍ സ്ഥാപിക്കല്‍, പൊഴിയുടെ പ്രവര്‍ത്തികള്‍ എന്നിവ പൂര്‍ണതയോടെ നടപ്പാക്കും. എ.സി. കനാലിന്റെ നീരൊഴുക്കു സുഗമമാക്കാനുള്ള നടപടിയെടുക്കും. കുട്ടനാടിന്റെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കി അടിയന്തരവും ദീര്‍ഘകാലവുമായ പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ സാധാരണക്കാരായ ജനതയ്ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ കൈയും മെയ്യും മറന്ന് ആത്മാര്‍ഥമായി പദ്ധതികള്‍ നടപ്പാക്കാന്‍ യത്നിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.

കര്‍ഷകരും ജനങ്ങളും നല്‍കിയ നിവേദനങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. പദ്ധതികളുടെ ഫലം പാടശേഖരത്തില്‍ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടില്‍ കാര്‍ഷിക കലണ്ടര്‍ കൃത്യമായി നടപ്പാക്കാനുള്ള ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയുടെ സംരക്ഷണം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മന്ത്രിമാര്‍ പറഞ്ഞു. കനകാശേരി പാടശേഖര ബണ്ടിന് സ്ഥിരമായ സുരക്ഷയൊരുക്കും. പൈല്‍ ആന്‍ഡ് സ്ളാബ് ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്താമെന്ന നിര്‍ദേശമാണുള്ളത്. മംഗലം പാടത്തിന്റെ ബണ്ടും ബലപ്പെടുത്തും. കനാകാശേരി, വലിയകരിപ്പാടം എന്നിവയുടെ ബണ്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് അടിയന്തരമായി ടെണ്ടര്‍ വിളിക്കും. നെല്ല് സംഭരണം സുഗമമാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. ഹാന്‍ഡിലിങ് ചാര്‍ജ് വര്‍ധിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ചചെയ്ത് കര്‍ഷകരെ സഹായിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

തോമസ് കെ. തോമസ് എംഎല്‍എ., ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍, മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, കെ സി ജോസഫ്, കെ കെ ഷാജു, ജില്ല പഞ്ചായത്തംഗം എം വി പ്രിയ , വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ വി വിശ്വംഭരന്‍, ഡോ. കെ.ജി. പത്മകുമാര്‍, കാര്‍ഷിക സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മധു സുബ്രഹ്മണ്യം, കുട്ടനാട് വികസന സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ജോയിക്കുട്ടി ജോസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലിനി എ. ആന്റണി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുജ ഈപ്പന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it