Kerala

മലപ്പുറം ജില്ലയില്‍ 668 കൊവിഡ് രോഗികള്‍; 832 പേര്‍ക്ക് രോഗമുക്തി

602 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 51 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ 668 കൊവിഡ് രോഗികള്‍; 832 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 832 പേര്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം കൊവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 33,374 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. അതേസമയം, 668 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ 602 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 51 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

നിരീക്ഷണത്തില്‍ 54,785 പേര്‍

54,785 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,337 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 469 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,133 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍നിന്ന് പരിശോധനയ്ക്കയച്ച 2,37,917 സാംപിളുകളില്‍ 5,263 സാംപിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 192 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

കൊവിഡ് വ്യാപനം തടയുന്നതിന് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന പറഞ്ഞു. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരുകാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

മുതിര്‍ന്ന പൗരന്‍മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാവുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it