Kerala

സുമിയില്‍നിന്ന് 180 മലയാളികള്‍ കൊച്ചിയിലെത്തി

സുമിയില്‍നിന്ന് 180 മലയാളികള്‍ കൊച്ചിയിലെത്തി
X

കൊച്ചി: യുക്രെയ്‌നിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ 180 മലയാളികള്‍ കൊച്ചിയിലെത്തി. 165 വിദ്യാര്‍ഥികള്‍ അടക്കം 180 പേര്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി ചാര്‍ട്ടേഡ് വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. യുക്രെയ്‌നിലെ സുമിയില്‍നിന്ന് വെള്ളിയാഴ്ചയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 247 പേരാണു മൂന്നുവിമാനങ്ങളിലായി ഡല്‍ഹിയിലെത്തിയത്. യുദ്ധം രൂക്ഷമായ സുമിയില്‍നിന്നുള്ള 172 പേരും ഖാര്‍ക്കീവില്‍ നിന്നെത്തിയ എട്ടുപേരും ഉള്‍പ്പെടെ 180 പേരാണ് രാത്രിയോടെ കൊച്ചിയിലെത്തിയത്. ഇതില്‍ എട്ടുപേര്‍ യുക്രെയിനിലെ ഹാര്‍കിവില്‍നിന്നു മാര്‍ച്ച് 10നു ഡല്‍ഹിയിലെത്തിയവരാണ്.

യുദ്ധഭൂമിയില്‍ നിന്നെത്തിയ 41 പേര്‍ മറ്റ് വിമാനങ്ങളിലായും ഇന്നലെ കൊച്ചിയിലെത്തി. സുമി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു. യുക്രെയ്ന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് എംബസി കൂട്ടിച്ചേര്‍ത്തു. അവസാന ദിവസങ്ങളില്‍ യുദ്ധം രൂക്ഷമായത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും നാട്ടിലെത്തിയതോടെ ആശ്വാസമായതായി വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്ന് ഭാര്യയ്ക്കും കൈക്കുഞ്ഞിനും ഒപ്പം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശി റമീഷ് ജോസഫ്. റമീഷിന്റെയും യുക്രെയ്ന്‍ സ്വദേശിയായ വിക്ടോറിയയുടെയും പ്രണയ വിവാഹം നടന്നത് മൂന്നുവര്‍ഷം മുമ്പാണ്. കൈക്കുഞ്ഞുമായി യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമായിരുന്നു ഇരുവരും ഡല്‍ഹിയിലെത്തിയത്. കേരളത്തിലെത്തിയതിലുള്ള സന്തോഷം വിക്ടോറിയയും പങ്കുവച്ചു. നാട്ടിലെത്തിയവരെ സ്വീകരിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.

Next Story

RELATED STORIES

Share it