Kerala

തിരക്കൊഴിയാത്ത 17 മാസങ്ങള്‍; കോട്ടയം കലക്ടര്‍ പി കെ സുധീര്‍ ബാബു 31ന് വിരമിക്കും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്, തൃശൂര്‍ ആര്‍ഡിഒ, കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍, പരിയാരം മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, മൂന്നാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

തിരക്കൊഴിയാത്ത 17 മാസങ്ങള്‍; കോട്ടയം കലക്ടര്‍ പി കെ സുധീര്‍ ബാബു 31ന് വിരമിക്കും
X

കോട്ടയം: മഹാപ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണം മുതല്‍ കൊവിഡ് പ്രതിരോധം വരെ നീണ്ട 17 മാസങ്ങള്‍. ഒന്നിനു പുറകെ ഒന്നായി സുപ്രധാന ഉത്തരവാദിത്തങ്ങള്‍. എല്ലാം വിജയകരമായി പൂര്‍ത്തീകരിച്ച് മെയ് 31ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെ ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു കോട്ടയംകാരുടെ നല്ലമനസിന് നന്ദി പറയുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും നല്‍കിയ പിന്തുണയാണ് ഇവിടുത്തെ സേവനകാലം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സഹായകമായതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ജില്ലയുടെ 45ാമത് കലക്ടറായി 2018 ഡിസംബര്‍ 27 നാണ് കണ്ണൂര്‍ ധര്‍മടം സ്വദേശിയായ സുധീര്‍ ബാബു ചുമതലയേറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണം, പാലാ ഉപതിരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന റെയില്‍പാത ഇരട്ടിപ്പിക്കലിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തടസങ്ങള്‍ നീക്കി പൂര്‍ത്തീകരിക്കുന്നതിനും ഹാരിസണ്‍ മലയാളം കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുന്നതിനായി കേസ് ഫയല്‍ ചെയ്യുന്നതിനും മുന്‍കൈയെടുത്തു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹാരിസണെതിരേ ആദ്യമായി കേസ് ഫയല്‍ ചെയ്തത് കോട്ടയം ജില്ലാഭരണകൂടമാണ്.

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയശേഷം ജില്ലയിലെ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധിതമാക്കി ഉത്തരവിറക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ജില്ലയില്‍ ആദ്യമായി കൊവിഡ്-19 റിപോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ ഇന്നുവരെ രാപ്പകല്‍ വ്യത്യാസമില്ലാതെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ച ഇദ്ദേഹം മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമ്പോഴാണ് കോട്ടയത്തുനിന്ന് മടങ്ങുന്നത്.

'വിശ്രമം മറന്ന് അധ്വാനിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമാണ് കൊവിഡ് പ്രതിരോധത്തില്‍ കോട്ടയത്തിന്റെ കരുത്ത്. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായ ജനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു. രോഗികളുടെ എണ്ണം വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതി വകുപ്പില്‍ ജില്ലാ പ്രൊബേഷന്‍ ഓഫിസറായാണ് സുധീര്‍ ബാബു സര്‍ക്കാര്‍ സംസ്ഥാന സര്‍വീസില്‍ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷന്‍ ഓഫിസര്‍, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചശേഷം ഡെപ്യൂട്ടി കലക്ടറായി നിയമിതനായി. ഈ പദവിയില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ സേവനമനുഷ്ഠിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്, തൃശൂര്‍ ആര്‍ഡിഒ, കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍, പരിയാരം മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, മൂന്നാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2016 മെയ് മുതല്‍ 2017 സപ്തംബര്‍ വരെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പദവിയിലായിരുന്നു ആദ്യനിയമനം. ഇക്കാലയളവില്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ അധികചുമതലയും വഹിച്ചു. തുടര്‍ന്നാണ് കോട്ടയം കലക്ടറായി നിയമിതനായത്. സുബിതയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍, ആനന്ദ്.

Next Story

RELATED STORIES

Share it