Kerala

വെള്ളപ്പൊക്ക നിവാരണത്തിന് 130 കോടിയുടെ പദ്ധതി ; നെടുമ്പാശേരി വിമാനത്താവളത്തിന് ഇനി 'ഓപ്പറേഷന്‍ പ്രവാഹ് '

ജൂലായ് 31 ന് ഒന്നാംഘട്ടം പൂര്‍ത്തിയാകും.സമാന്തര പദ്ധതികളുമായി ഏകോപനം.26 മേഖലകളില്‍ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികള്‍. പെരിയാറില്‍ നിന്ന് ചെങ്ങല്‍തോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാന്‍ പണികഴിപ്പിച്ച ഡൈവേര്‍ഷന്‍ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍

വെള്ളപ്പൊക്ക നിവാരണത്തിന് 130 കോടിയുടെ പദ്ധതി ; നെടുമ്പാശേരി വിമാനത്താവളത്തിന് ഇനി ഓപ്പറേഷന്‍ പ്രവാഹ്
X

കൊച്ചി: തീവ്രമഴക്കാലവും അതുവഴിയുണ്ടാകുന്ന വെള്ളപ്പൊക്കവും നേരിടുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ സംയോജിത വെളളപ്പൊക്ക നിവാരണ പദ്ധതി ' ഓപ്പറേഷന്‍ പ്രവാഹ് ' നടപ്പിലാക്കുന്നു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ന്റെ നിലവിലെ പദ്ധതികളെ, ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഓപ്പറേഷന്‍ പ്രവാഹ് നടപ്പിലാക്കുന്നതെന്ന് ഇതുസംബന്ധിച്ച അവലോകന യോഗത്തിന് ശേഷം സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.


ഓപ്പറേഷന്‍ പ്രവാഹിന്റെ ഒന്നാംഘട്ടം ജൂലായ് 31 ന് പൂര്‍ത്തിയാകും.പ്രതിവര്‍ഷം ഒരുകോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ സിയാല്‍ 130 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളത്തിന്റെ പരിസരമേഖലയില്‍ 26 ഇടങ്ങളിലാണ് സിയാല്‍ പദ്ധതികള്‍ നടത്തുന്നത്. പെരിയാറില്‍ നിന്ന് ചെങ്ങല്‍തോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാന്‍ പണികഴിപ്പിച്ച ഡൈവേര്‍ഷന്‍ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ്, വിമാനത്താവളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഡൈവേര്‍ഷന്‍ കനാല്‍ പുനരുദ്ധരിക്കുന്നത്.

ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണപദ്ധതി പൂര്‍ത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ കൂടിയായ മാനേജിങ് ഡയറക്ടര്‍ പ്രത്യേക അവലോകന യോഗം വിളിച്ചുചേര്‍ത്തു. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചെയ്യുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികളുമായി സംയോജിപ്പിച്ച് സിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. ' ഓപ്പറേഷന്‍ പ്രവാഹ് ' എന്ന പേരിലാവും ഈ സംയോജിത വെള്ളപ്പൊക്ക പദ്ധതി നടപ്പിലാക്കുക. ഒന്നാംഘട്ടം ഈ മാസംതന്നെ പൂര്‍ത്തിയാക്കും. റണ്‍വെയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിങ് സംവിധാനവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

സാധാരണമഴക്കാലത്ത് പെയ്ത്ത് വെള്ളം വിമാനത്താവള പരിസരമേഖലകളില്‍ നിന്ന് ചെങ്ങല്‍തോടുവഴി പെരിയാറിലേയ്ക്ക് ഒഴുകുന്നവിധമാണ് ഇവിടുത്തെ ഭൗമഘടന. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഒഴുക്ക് തിരിച്ചാകുന്നു. വിമാനത്താവളം വരുന്നതിന് മുമ്പും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ അതിതീവ്രമഴ പെയ്യുന്നതോടെ പെരിയാറില്‍ നിന്ന് തിരിച്ചൊഴുകുന്ന വെള്ളത്തെ ഈ പ്രദേശങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. വെള്ളപ്പൊക്കമാവും ഫലം. ഇതൊഴിവാക്കാനാണ് സിയാല്‍, വിമാനത്താവളത്തിന്റെ തെക്കുവശത്തുകൂടി ഡൈവേര്‍ഷന്‍ കനാല്‍ പണികഴിപ്പിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ പെയ്ത അതിതീവ്രമഴയുടെ സാഹചര്യം നേരിടാന്‍ ഈ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് കഴിയും. അതിലും ശക്തമായ ജലപ്രവാഹമുണ്ടായാല്‍ നേരിടാനാണ് ഓപ്പറേഷന്‍ പ്രവാഹിന്റെ രണ്ടാം ഘട്ടം നിശ്ചയിച്ചിട്ടുള്ളത്.ഓപ്പറേഷന്‍ പ്രവാഹിന്റെ രണ്ടാംഘട്ടത്തില്‍, ചെങ്ങല്‍തോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20.40 കോടി രൂപ ചെലവുവരും. ഓപ്പറേഷന്‍ പ്രവാഹ് ഒന്നാംഘട്ടം, നിശ്ചിതസമയത്ത് തന്നെ പൂര്‍ത്തിയാക്കത്തക്കവിധം പ്രവര്‍ത്തനശേഷിയുയര്‍ത്താന്‍ സിയാല്‍ എന്‍ജിനീയറിങ് വിഭാഗത്തിന് മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it