India

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ചോര്‍ത്തല്‍; പാര്‍ലമെന്ററി സമിതി പരിശോധിക്കും

രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ അധ്യക്ഷനായ ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് വിവാദം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കമ്മിറ്റി നോട്ടീസ് അയച്ചു. ഈമാസം 15ന് ചേരുന്ന സമിതി യോഗത്തില്‍ കശ്മീര്‍ വിഷയത്തിനൊപ്പം വാട്‌സ് ആപ്പ് ചോര്‍ത്തല്‍ വിവാദവും ചര്‍ച്ചയ്‌ക്കെടുക്കും.

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ചോര്‍ത്തല്‍; പാര്‍ലമെന്ററി സമിതി പരിശോധിക്കും
X

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാരസോഫ്റ്റ്‌വെയറായ 'പെഗാസസ്' ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം പാര്‍ലമെന്ററി സമിതി പരിശോധിക്കും. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ അധ്യക്ഷനായ ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് വിവാദം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കമ്മിറ്റി നോട്ടീസ് അയച്ചു. ഈമാസം 15ന് ചേരുന്ന സമിതി യോഗത്തില്‍ കശ്മീര്‍ വിഷയത്തിനൊപ്പം വാട്‌സ് ആപ്പ് ചോര്‍ത്തല്‍ വിവാദവും ചര്‍ച്ചയ്‌ക്കെടുക്കും. പാര്‍ലമെന്റ് സമ്മേളനം 18ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് അധ്യക്ഷനായ സമിതിയുടെ നിര്‍ണായകനീക്കം.

സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ സമിതി വിളിച്ചുവരുത്തും. ശശി തരൂര്‍ അധ്യക്ഷനായ ഐടി സമിതിയും വാട്‌സ് ആപ്പ് ചോര്‍ത്തിയതിനെക്കുറിച്ച് പരിശോധിക്കും. അതേസമയം, പെഗാസസ് വിവാദത്തില്‍ വാട്‌സ് ആപ്പ് കേന്ദ്രസര്‍ക്കാരിന് വിശദീകരണം നല്‍കി. വിവരം ചോര്‍ത്തലിനെക്കുറിച്ച് കഴിഞ്ഞ മെയില്‍ തന്നെ ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്. ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയുമാണ്.

മെയ് മാസത്തില്‍ ഞങ്ങള്‍ സുരക്ഷാപ്രശ്‌നമുള്ള കാര്യം സര്‍ക്കാര്‍ അധികാരികളെ അറിയിച്ചതായും വാട്‌സ് ആപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു. വാട്‌സ് ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനെ തുടര്‍ന്നാണ് വിശദീകരണം തേടിയത്. എന്നാല്‍, കാര്യങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന വാട്‌സ് ആപ്പിന്റെ അവകാശവാദം പൂര്‍ണമായും ശരിയല്ലെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, വാട്‌സ് ആപ്പ് ഉത്തരം നല്‍കുന്നതിനുമുമ്പ് ഏത് സര്‍ക്കാര്‍ വിഭാഗമാണ് പെഗാസസ് വാങ്ങിയതെന്ന് എത്രവിലയ്ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഇസ്രയേലി എന്‍എസ്ഒ സ്‌പൈവെയര്‍ പെഗാസസ് സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വിറ്റത്. ആരാണ് ചോര്‍ത്തലിന് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിലെ എന്‍എസ്ഒ ഗ്രൂപ്പ് പെഗാസസ് ഉപയോഗിച്ച് 1,400 വാട്ട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരേ വാട്‌സാപ്പ് അമേരിക്കന്‍ കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച കേസ് നല്‍കിയതായ റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. 2019 മെയ് വരെ രണ്ടാഴ്ച വരെ ഫോണുകള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന വിവരമാണ് വാട്‌സ് ആപ്പ് നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it