India

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ ഗോപിനാഥ് അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഗോപിനാഥ് 60 വര്‍ഷം മുമ്പ് പ്രാദേശിക ലേഖകനായാണ് തുടക്കം കുറിച്ചത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ ഗോപിനാഥ് അന്തരിച്ചു
X

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ തമിഴ്‌നാട് മേധാവിയുമായിരുന്ന ജി ഗോപിനാഥ് ചെന്നൈയില്‍ അന്തരിച്ചു. 88 വയസായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഗോപിനാഥ് 60 വര്‍ഷം മുമ്പ് പ്രാദേശിക ലേഖകനായാണ് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് വേണ്ടി റിപോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് വരെ അദ്ദേഹം ഈ രംഗത്ത് സജീവമായിരുന്നു. ചെഗുവേരയുമായും ഫിഡല്‍ കാസ്‌ട്രോയുമായും അഭിമുഖം നടത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ഗോപിനാഥ്.

30 വര്‍ഷമായി എഎന്‍എയുടെ തമിഴ്‌നാട് ഘടകം മേധാവിയാണ് ഗോപിനാഥ്. മുന്‍ ആക്ടിങ് പ്രധാനമന്ത്രി ഗുല്‍സാരി ലാല്‍ നന്ദ, മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരോടൊപ്പമുള്ള ഗോപിനാഥിന്റെ ചിത്രം എഎന്‍ഐ ന്യൂഡല്‍ഹി എഡിറ്റര്‍ സ്മിത പ്രകാശ് ട്വീറ്റ് ചെയ്തു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചിത്രത്തില്‍ പിറകില്‍ നിന്ന് നോട്ട്പാഡില്‍ എന്തോ കുറിക്കുന്ന ഗോപിനാഥിന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്. പഴയ കാല മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ദൃശ്യത്തിന് പിറകില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരായിരുന്നു എന്ന് ഇതിന്റെ അടിക്കുറിപ്പില്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ എഎന്‍ഐയുടെ വ്യാപനത്തില്‍ വലിയ പങ്ക് വഹിച്ചയാളാണ് ഗോപിനാഥ് എന്ന് സ്മിത പ്രകാശ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it