India

പൗരത്വനിയമത്തില്‍ പ്രതിഷേധം: ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ തിരികെ നല്‍കും

ഒരു പൗരനെന്ന നിലയില്‍ ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ സന്തുഷ്ടനല്ല. ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുന്നു. ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കാരിനെ നയിക്കുന്നത് രാഷ്ട്രീയക്കാരല്ല. ഗുണ്ടാരാജാണ് നടക്കുന്നത്.

പൗരത്വനിയമത്തില്‍ പ്രതിഷേധം: ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ തിരികെ നല്‍കും
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാനൊരുങ്ങി ഉറുദു സാഹിത്യകാരന്‍ മുജ്തബ ഹുസൈന്‍. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കാണുമ്പോള്‍ പുരസ്‌കാരം കൈയില്‍വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുജ്തബ ഹുസൈന്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പത്മശ്രീ പുരസ്‌കാരം മടക്കിനല്‍കുമെന്ന് അദ്ദേഹം അറിയിച്ചത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, മൗലാന അബുല്‍കലാം ആസാദ്, അംബേദ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ജനാധിപത്യസംവിധാനം തകര്‍ക്കുകയാണ്. നിരവധി ആളുകളുടെ വായടപ്പിക്കുന്നു. പലരും കൊല്ലപ്പെടുന്നു. പാവപ്പെട്ടവര്‍ക്ക് ഒന്നുചിരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഒരു പൗരനെന്ന നിലയില്‍ ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ സന്തുഷ്ടനല്ല.

ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുന്നു. ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കാരിനെ നയിക്കുന്നത് രാഷ്ട്രീയക്കാരല്ല. ഗുണ്ടാരാജാണ് നടക്കുന്നത്. സാധാരണക്കാര്‍ ആശങ്കാകുലരാണെന്നും മുജ്തബ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. പത്മശ്രീ പുരസ്‌കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയയ്ക്കും. ഉറുദു സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച്, ഹാസ്യസാഹിത്യകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്തബ ഹുസൈന് 2007 ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഉറുദു സാഹിത്യകാരന്‍മാരായ ഷിറിന്‍ ദാല്‍വി, യാക്കൂബ് യവാര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് കിട്ടിയ സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരികെക്കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it