India

ഉന്നാവോ: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റി

ഉന്നാവോ: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇരയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സ് മാര്‍ഗം എയിംസിലെത്തിച്ചത്. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് നടപടി.

പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു ഗുരുതര പരിക്കേറ്റു ലഖ്‌നോ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രിംകോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞു. പനി കുറഞ്ഞു. വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്നു സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രി മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തത്. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it