India

യുപിയിലെ യമുന എക്‌സ്പ്രസ് വേയില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍

യുപിയിലെ യമുന എക്‌സ്പ്രസ് വേയില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍
X

ആഗ്ര: ഉത്തര്‍പ്രദേശ് ആഗ്രയിലെ യമുന എക്‌സ്പ്രസ് വേയില്‍ രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ച ഗ്രാമവാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലിസിനെ അറിയിച്ചു. കുട്ടികളുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റ നിരവധി അടയാളങ്ങളുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം തലകീഴായി വയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. യമുന എക്‌സ്പ്രസ്‌വേയിലെ 74ാം മൈല്‍ക്കല്ലിന് സമീപമാണ് ഏകദേശം 8-10 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

10-12 വയസ്സ് പ്രായമുള്ള മറ്റൊരു മൃതദേഹം ജില്ലയിലെ സുരീര്‍ പോലിസ് സ്‌റ്റേഷന് കീഴിലുള്ള 79ാം മൈല്‍ക്കല്ലിന് സമീപമാണ് കണ്ടെത്തിയത്. ഇരുവരെയും മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി എക്‌സ്പ്രസ് വേയില്‍ വലിച്ചെറിഞ്ഞതാവാമെന്ന് പോലിസ് പറഞ്ഞു. മരണത്തിന്റെ കൃത്യമായ കാരണം അറിയാന്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനയ്ക്കുമായി അയച്ചെന്ന് മഥുര റൂറല്‍ പോലിസ് സൂപ്രണ്ട് (എസ്പി) സിരീഷ് ചന്ദ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അവരുടെ ഫോട്ടോകള്‍ സമീപപ്രദേശങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

കേസില്‍ അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു. കുട്ടികളുടെ വിവരങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് പോലിസിന് കൈമാറിയെന്ന് എസ്എസ്പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലിസിന് നല്‍കും. കുട്ടികളുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it