Sub Lead

ത്രിപുര: യുഎപിഎ ചുമത്തിയ നാല് മുസ്‌ലിം പണ്ഡിതര്‍ക്ക് ജാമ്യം

ത്രിപുര: യുഎപിഎ ചുമത്തിയ നാല് മുസ്‌ലിം പണ്ഡിതര്‍ക്ക് ജാമ്യം
X

അഗര്‍ത്തല: ത്രിപുരയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട മുസ്‌ലിം വിരുദ്ധ ആക്രമണത്തിലെ ഇരകളെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ പോലിസ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത നാല് മുസ്‌ലിം പണ്ഡിതര്‍ക്ക് ജാമ്യം അനുവദിച്ചു. സാമൂഹിക, മതഗ്രൂപ്പായ തഹ്‌രീഖ് ഫാറൂഖ് ഇസ്‌ലാമിന്റെ പ്രസിഡന്റ് ഖമര്‍ ഗനി ഉസ്മാനി, പണ്ഡിതന്‍മാരായ ഇഹ്‌സാനുല്‍ ഹഖ് റസ്‌വി, ഖാരി ആസിഫ്, മുദസ്സിര്‍ എന്നിവര്‍ക്കാണ് ത്രിപുരയിലെ കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി രണ്ടാഴ്ചയ്ക്കുശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.

നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള കടുത്ത ശിക്ഷകളെക്കുറിച്ച് വിശദീകരിക്കുന്ന യുഎപിഎയുടെ 13ാം വകുപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 503 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 504 എന്നീ വകുപ്പുകളും ഇവര്‍ക്കെതിരേ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തുടനീളം സംഘപരിവാര്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ ആക്രമണങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഖമര്‍ ഗനി ഉസ്മാനിയും കൂട്ടരും ത്രിപുരയിലേക്ക് പോയത്.

നവംബര്‍ നാലിനാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. പോലിസ് സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേ തടങ്കലില്‍ വച്ച വിവരം ജനങ്ങളെ അറിയിക്കുന്ന വീഡിയോ ഉസ്മാനി പുറത്തുവിട്ടിരുന്നു.

കേസെടുത്തശേഷം ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തി ത്രിപുര പോലിസ് ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇന്ന് നാല് പേര്‍ക്ക് ജാമ്യം ലഭിച്ചു. എല്ലാവരും ഉടന്‍തന്നെ ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു- പണ്ഡിതന്‍മാരെ പ്രതിനിധീകരിക്കുന്ന മഹ്മൂദ് പ്രാച്ച പ്രതികരിച്ചു. ആദ്യഘട്ടത്തില്‍തന്നെ യുഎപിഎ ഉപയോഗിച്ച് എല്ലാവരുടെയും ഭയപ്പെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശമെന്ന് പ്രാച്ച പറഞ്ഞു.

ദുര്‍ഗാപൂജയ്ക്കിടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26ന് വിശ്വഹിന്ദു പരിഷത്ത് റാലി സംഘടിപ്പിച്ചത് മുതല്‍ ത്രിപുരയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. ത്രിപുര അക്രമത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അഭിഭാഷകന്‍ മുകേഷ്, എന്‍സിഎച്ച്ആര്‍ഒ അഭിഭാഷകന്‍ അന്‍സാര്‍ ഇന്‍ഡോരി എന്നിവര്‍ യുഎപിഎയുടെ 13ാം വകുപ്പ് പ്രകാരം കുറ്റം ചുമത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മുസ്‌ലിംകളുടെ 12 പള്ളികളും ഒമ്പത് കടകളും മൂന്ന് വീടുകളും ആക്രമിക്കപ്പെട്ടതായി രണ്ട് അഭിഭാഷകരും വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അക്രമത്തെക്കുറിച്ച് വികലവും ആക്ഷേപകരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് യുഎപിഎയുടെ സെക്ഷന്‍ 13 പ്രകാരം 102 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെയും ഈ മാസം ആദ്യം കേസെടുത്തിരുന്നു. സമൃദ്ധി സകുനിയ, സ്വര്‍ണ ഝാ എന്നീ രണ്ട് മാധ്യമപ്രവര്‍ത്തകരെയും സാമുദായിക അസ്വാരസ്യം പ്രചരിപ്പിച്ചതുള്‍പ്പെടെ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ത്രിപുര കോടതി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it