India

ടെന്നിസ് താരത്തിന്റെ മരണം; പിതാവും രാധികയും തമ്മില്‍ നിരന്തരം കലഹം; മകളുടെ ചെലവില്‍ കഴിയുന്നുവെന്ന് പരിഹാസവും

ടെന്നിസ് താരത്തിന്റെ മരണം; പിതാവും രാധികയും തമ്മില്‍ നിരന്തരം കലഹം; മകളുടെ ചെലവില്‍ കഴിയുന്നുവെന്ന് പരിഹാസവും
X

ഗുരുഗ്രാം: ഹരിയാനയില്‍ പിതാവിന്റെ വെടിയേറ്റു മരിച്ച ടെന്നിസ് താരം രാധിക യാദവും പിതാവും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി റിപോര്‍ട്ട്. സംസ്ഥാന തല മല്‍സരങ്ങളില്‍ ഉള്‍പ്പെടെ മെഡലുകള്‍ നേടിയ ടെന്നിസ് താരം യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തുന്നതിനായി ഗുരുഗ്രാമില്‍ ടെന്നിസ് അക്കാദമി നടത്തിയിരുന്നു. കൊല്ലപ്പെട്ടതും അതേ ടെന്നിസ് അക്കാദമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണെന്നാണ് റിപോര്‍ട്ട്. ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനാണ് പിതാവ് ദീപക് യാദവ് മകളെ വെടിവച്ചുകൊന്നതെന്ന് പോലിസ് പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ രാധിക ഒരു പ്രാദേശിക നടനുമൊത്ത് ഒരു വീഡിയോ റീല്‍ ചെയ്തിരുന്നു. ഇരുവരും അടുത്തിടപഴകിയിരുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പിതാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാധിക ഇതിനെ എതിര്‍ത്തിരുന്നു. ഇതും ഇരുവരും തമ്മിലുളള തര്‍ക്കത്തിന് കാരണമായി. ടെന്നിസ് അക്കാദമി നടത്തുന്ന മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളില്‍ ചിലരും ദീപക് യാദവിനെ കളിയാക്കിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതില്‍ ക്രുദ്ധനായാണ് ദീപക് യാദവ് മകളോട് അക്കാദമി പൂട്ടാന്‍ ആവശ്യപ്പെട്ടത്. പിതാവ് നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും, അക്കാദമി പൂട്ടാന്‍ രാധിക തയാറായില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ദീപക് മകള്‍ക്കുനേരെ വെടിയുതിര്‍ത്തത്.

മകളുടെ കരിയറിനെക്കുറിച്ചും സ്വന്തമായുള്ള വരുമാനത്തെക്കുറിച്ചും ചുറ്റുമുള്ളവര്‍ തുടര്‍ച്ചയായി കളിയാക്കിയതോടെ ദീപക് യാദവ് വിഷാദത്തിന് അടിപ്പെട്ടിരുന്നതായി പോലിസ് പറയുന്നു. എല്ലാവരും പരിഹസിച്ചതോടെ അഭിമാനം വ്രണപ്പെട്ടെന്നും ഇതോടെയാണ് മകള്‍ക്കെതിരെ നിറയൊഴിച്ചതെന്നും ദീപക് യാദവ് പോലിസിനു മൊഴി നല്‍കിയതായി എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ പഠനകാലം മുതലേ ടെന്നിസ് കോര്‍ട്ടില്‍ സജീവമായിരുന്ന രാധിക യാദവ്, സംസ്ഥാന തലത്തില്‍ ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇടക്കാലത്ത് തോളിനു പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിലും അക്കാദമിയിലെത്താനും യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനും രാധിക ശ്രദ്ധിച്ചിരുന്നു. ടൂര്‍ണമെന്റുകളില്‍ വിജയിക്കുമ്പോള്‍ പിതാവിനൊപ്പം കിരീടവുമായി ആനന്ദനൃത്തം ചവിട്ടുന്ന റീലുകള്‍ ഉള്‍പ്പെടെ രാധിക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നതായി പോലിസ് പറയുന്നു.







Next Story

RELATED STORIES

Share it