India

മുല്ലപ്പെരിയാറില്‍ മരംമുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാറില്‍ മരംമുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. മരം മുറിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ച കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വള്ളക്കടവ്- മുല്ലപ്പെരിയാര്‍ വനമേഖല റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താന്‍ കേരളത്തിനോട് നിര്‍ദേശിക്കണമെന്നും സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്തസംഘം 2021 ജൂണ്‍ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറില്‍നിന്ന് 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമായതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിക്ക് കൈമാറി. ബേബി ഡാമിനു സമീപത്തെ മരം മുറിക്കാന്‍ നവംബര്‍ ആറിനു കേരളം നല്‍കിയ അനുമതി സംസ്ഥാനത്തു വലിയ വിവാദം ആയതിനെ തുടര്‍ന്ന് അടിയന്തരമായി റദ്ദാക്കുകയായിരുന്നു.

ഉത്തരവ് റദ്ദാക്കിയ വിവരം പത്രവാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നാണ് തമിഴ്‌നാട് സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശങ്ങളൊന്നും തന്നെ കേരളം പാലിക്കുന്നില്ലെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി. മരം മുറിക്ക് അനുമതി നല്‍കിയ നവംബര്‍ ആറിലെ ഉത്തരവ് റദ്ദാക്കിയത് സംബന്ധിച്ച മാധ്യമറിപോര്‍ട്ടുകളും തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാചര്യത്തിലാണ് മരം മുറി ഉള്‍പ്പടെയുള്ള ആവശ്യങ്ങളുമായി തമിഴ്‌നാട് സുപ്രിംകോടതിയ സമീപിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നുകയാണെന്ന് തമിഴ്‌നാട് ആരോപിക്കുന്നു. 2014 ലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ കേരളം തയ്യാറാവുന്നില്ല. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ 16 വര്‍ഷമായി കേരളം തടസ്സപ്പെടുത്തുന്നു. പ്രധാന അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് സാധന സാമഗ്രികള്‍ കൊണ്ടുപോവുന്നിത് വള്ളക്കടവ്- മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാപിനി കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് 2015ല്‍ മേല്‍നോട്ട സമിതി തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഉടന്‍ നടപ്പാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള നിയമസഭ പാസ്സാക്കിയ ഡാം സുരക്ഷാ നിയമം ചോദ്യംചെയ്ത് 2006ല്‍ ഫയല്‍ ചെയ്ത സ്യൂട്ടിലാണ് തമിഴ് സര്‍ക്കാര്‍ പുതിയ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it