India

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന് സമയം നീട്ടണം; ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന് സമയം നീട്ടണം; ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ സമയം നീട്ടണമെന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി. എല്ലാ വഖഫ് സ്വത്തുക്കളുടെയും നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വാദം കേള്‍ക്കുന്നത്.സെപ്റ്റംബര്‍ 15ന് കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമം സുപ്രിം കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. നിയമത്തിലെ ചില വ്യവസ്ഥകള്‍ക്കു മാത്രമാണ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ അനുവദിച്ചത്. അഞ്ചുവര്‍ഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവര്‍ക്കു മാത്രമേ വഖഫ് നല്‍കാന്‍ കഴിയൂ തുടങ്ങിയ വ്യവസ്ഥകളാണ് കോടതി സ്റ്റേ ചെയ്തത്.

അതേസമയം, വഖഫ് സ്വത്തുക്കളിലുള്ള അവകാശം സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ കഴിയുമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് പ്രഥമദൃഷ്ട്യാ ഏകപക്ഷീയമല്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് (ഒക്ടോബര്‍ 9) വാദം കേട്ടത്.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കു വേണ്ടി അഭിഭാഷകന്‍ നിസാം പാഷയാണ് ഹാജരായത്. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം നീട്ടാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഭേദഗതി ചെയ്ത നിയമത്തില്‍ ആറ് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിധി വരാന്‍ അഞ്ച് മാസം കഴിഞ്ഞുവെന്നും ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിമുറിയിലായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹരജി പരാമര്‍ശിക്കുന്നതിനെ എതിര്‍ക്കുകയും കേന്ദ്രത്തെ അറിയിക്കണമെന്നും പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ സുതാര്യതയും ശരിയായ മാനേജ്‌മെന്റും ഉറപ്പാക്കുന്നതിന് ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ പാലിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ഊന്നിപ്പറഞ്ഞു.





Next Story

RELATED STORIES

Share it