India

രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കരുത്: എസ്ഡിപിഐ

ധീര പോരാളികളുടെ മരണം രാഷ്ട്രത്തിന് വലിയൊരു ആഘാതമാണ്.

രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കരുത്: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: കടന്നുകയറ്റക്കാരായ ചൈനാ പട്ടാളവുമായുള്ള അക്രാമാസക്തമായ ഏറ്റുമുട്ടലില്‍ ലഡാക്കില്‍ ജീവഹാനി നേരിട്ട 20 ഭടൻമാർക്ക് സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അനുശോചനമര്‍പ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തേയും അദ്ദേഹം അനുശോചനമറിയിച്ചു.

അതിര്‍ത്തിയില്‍ ഇടക്കിടെയുണ്ടാവുന്ന ചെറുതര്‍ക്കങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, 1975 ല്‍ നാല് ആസാം റൈഫിള്‍ അംഗങ്ങള്‍ ഒളിയുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞ 45 വര്‍ഷമായി നമ്മുടെ ഒരു സേനാംഗവും കൊല്ലപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ധീര പോരാളികളുടെ മരണം രാഷ്ട്രത്തിന് വലിയൊരാഘാതമാണെന്നും ഫൈസി പറഞ്ഞു.

ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ നിന്നും ഇരു വിഭാഗങ്ങളും പിന്മാറിത്തുടങ്ങിയെന്ന ഇന്ത്യന്‍ ആര്‍മി ചീഫ് എം എം നരവനയുടെ പ്രസ്താവന വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് അക്രമസംഭവങ്ങളുണ്ടാവുന്നത്. ഈയൊരവസരത്തില്‍ എങ്ങിനെയാണ്‌ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായതെന്നത് അത്ഭുതമുളവാക്കുന്നതാണ്. ഏപ്രില്‍ അവസാനത്തോടെയാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. പലവട്ടം നടന്ന ചര്‍ച്ചകള്‍ കൊണ്ട് ഇതിനൊരയവ് വരുത്താനായിരുന്നില്ല.

ചൈന കുഴപ്പങ്ങളുണ്ടാക്കിത്തുടങ്ങിയതിനു ശേഷം കഴിഞ്ഞ ഒന്നര മാസമായി അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെന്ന്‍, സര്‍ക്കാര്‍ രാഷ്ട്രത്തോട് പറഞ്ഞിട്ടേയില്ല. ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ചു കയറിയതിനെക്കുറിച്ച് വിശ്വസനീയമായ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നപ്പോഴും, കൂലിയെഴുത്തുകാരായ ഇന്ത്യന്‍ മാധ്യങ്ങള്‍ സംഭവങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ മണ്ണില്‍ അവര്‍ അവരുടെ പട്ടാള സാന്നിധ്യവും ആയുധ ശേഖരവും ശക്തിപ്പെടുത്തിയതിനോടോപ്പം ഇന്ത്യയുടെ അറുപത് ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം കൈവശപ്പെടുത്തുകയും ചെയ്തു.

"ഇന്ത്യയിനി ഒരു ദുര്‍ബല രാഷ്ട്രമല്ല" എന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെയും, "നമുക്ക് പാകിസ്ഥാന്റെയോ ചൈനയുടെയോ ഭൂമി ആവശ്യമില്ല. സമാധാനവും സൗഹാര്‍ദവും സ്നേഹവും ഒരുമിച്ച് അധ്വാനിക്കുകയുമാണ് നമുക്ക് വേണ്ടത്" എന്ന കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്ഗരിയുടെയും ദുര്‍ബല പ്രസ്താവനകളല്ലാതെ, ഈ വിഷയം നയതന്ത്ര തലത്തില്‍ പരിഹരിക്കുന്നതിനായി മോദി സര്‍ക്കാരില്‍ നിന്നും ഉറച്ച ഒരു നിലപാടോ, ഗൗരവതരമായ ശ്രമങ്ങളോ ഉണ്ടായിട്ടില്ല. ചൈനയെ നേരിടാനും ജനങ്ങളോട് സത്യം പറയാനും സര്‍ക്കാര്‍ ഭയപ്പെടുന്നതായിട്ടാണ് തോന്നുന്നത്.

തന്റെ രാണ്ടാമൂഴത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എഴുതിയ "രാഷ്ട്രത്തിനുള്ള കത്തി"ല്‍ സര്‍ജിക്കല്‍ സ്ട്രൈക്കും എയര്‍ സ്ട്രൈക്കും നടത്തിയതിനെക്കുറിച്ച് വീമ്പിളക്കിയ പ്രധാനമന്ത്രി മോദി, ഈ പ്രശ്നം കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഈ കഴിവുകേടിന്‍റെ അനന്തരഫലമായാണ് നമ്മുടെ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായത്. രാജ്യദ്രോഹം അടിച്ചേല്‍പ്പിക്കുന്നതിലും പൊങ്ങച്ച പ്രദര്‍ശനങ്ങളിലുമാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

വിദേശനയം കൈകാര്യം ചെയ്യുന്നതിലെ ഈ സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമായി നേപ്പാളടക്കമുള്ള നമ്മുടെ മിക്ക അയല്‍ക്കാരും ഇപ്പോള്‍ നമ്മോട് നിസ്സംഗത പുലര്‍ത്തുകയാണ്. ഇന്ത്യക്കകത്തുള്ള ഏതാണ്ട് 400 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം തങ്ങളുടെ പരമാധികാര പ്രദേശങ്ങളുടെ ഭാഗമാക്കി നേപ്പാള്‍ അവരുടെ ഭരണഘടന ഭേദഗതി ചെയ്തു കഴിഞ്ഞു.

ചൈനയും നേപ്പാളുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍, ഫൈസി അത്യധികം ഉല്‍കണ്o രേഖപ്പെടുത്തുകയും രാഷ്ട്രത്തിന്‍റെ പരമാധികാരത്തിനുമേല്‍ ഒരുത്തരും കൈകടത്തുന്നില്ലെന്ന്‍ ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യവും ഇന്ത്യന്‍ ആര്‍മി ചീഫ് പറഞ്ഞത് പ്രകാരം ഇരു സൈന്യങ്ങളും പ്രശ്ന പ്രദേശത്ത് നിന്ന് പിന്മാറുന്ന പ്രക്രിയ പുരോഗമിക്കുന്നതിനിടക്ക് എങ്ങിനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്നും രാഷ്ട്രത്തിനോട് തുറന്നു പറയാന്‍ പ്രധാനമന്ത്രി മോദിയോടും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it