India

കശ്മീരി വിദ്യാര്‍ഥിനികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചവര്‍ക്ക് ആര്‍എസ്എസിന്റെ മാധ്യമപുരസ്‌കാരം

'ക്ലീന്‍ ദ നാഷന്‍' സംഘത്തിന്റെ കൈയില്‍ ആവശ്യമായ തെളിവുണ്ടെന്നും അതിനാലാണ് അവാര്‍ഡ് നല്‍കിയതെന്നും സംഘാടകര്‍ അവകാശപ്പെട്ടു

കശ്മീരി വിദ്യാര്‍ഥിനികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചവര്‍ക്ക് ആര്‍എസ്എസിന്റെ മാധ്യമപുരസ്‌കാരം
X

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ കശ്മീരി വിദ്യാര്‍ഥിനികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസിന്റെ മാധ്യമപുരസ്‌കാരം. 'ക്ലീന്‍ ദ നാഷന്‍' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മയ്ക്കാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര 'സോഷ്യല്‍ മീഡിയ പത്രകാരിത നാരദ് സമ്മാന്‍' നല്‍കിയത്. ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരവിതരണം. സംഘം റിപോര്‍ട്ട് ചെയ്ത സംഭവങ്ങളിലെ തെളിവുകള്‍ ഉള്ളതിനാലാണ് ഇവരെ അവാര്‍ഡിനു പരിഗണിച്ചതെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാല്‍, കശ്മീരി വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ജയ്പൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എന്‍ഐഎംഎസ്) നാല് കശ്മീരി വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞ ഫെബ്രുവരി 19നു സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പുല്‍വാമ ആക്രമണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ വാട്‌സ് ആപ് സ്റ്റാറ്റസായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് തല്‍വീന്‍ മന്‍സൂര്‍, ഇഖ്‌റ, സുഹ്‌റ നാസിര്‍, ഉസ്മ നസ്രീന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇവരെ സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള കത്ത്, നോയിഡ എന്‍ജിനീയറിങ് കോളജിലെ ഒരു വിദ്യാര്‍ഥിക്കു ലഭിച്ച സസ്‌പെന്‍ഷന്‍ ലെറ്റര്‍, ഗുവാഹത്തിയിലെ കോളജിലെ അസി. പ്രഫസര്‍ക്കു നല്‍കിയ സസ്‌പെന്‍ഷന്‍ ലെറ്റര്‍, ബിഹാറിലെ കയ്ത്വാറില്‍ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് നടന്ന ബിരുദ വിദ്യാര്‍ഥിയുടെ അറസ്റ്റ് തുടങ്ങിയവയില്‍ 'ക്ലീന്‍ ദ നാഷന്‍' സംഘത്തിന്റെ കൈയില്‍ ആവശ്യമായ തെളിവുണ്ടെന്നും അതിനാലാണ് അവാര്‍ഡ് നല്‍കിയതെന്നും സംഘാടകര്‍ അവകാശപ്പെട്ടു. പുല്‍വാമ ആക്രമണത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കോളജുകളില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരേ വ്യാപകമായി ആക്രമണങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് നിരവധി കശ്മീരി വിദ്യാര്‍ഥികള്‍ പഠനം തന്നെ ഉപേക്ഷിച്ചിരുന്നു. ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘപരിവാരമായിരുന്നുവെന്ന ആരോപണങ്ങള്‍ക്കു ബലമേകുന്നതാണ്, ഇത്തരം സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിപ്പിച്ചവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിലൂടെ വെളിപ്പെടുന്നത്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഒമ്പതംഗ സംഘം 'ക്ലീന്‍ ദ നാഷന്‍' എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ സ്വീകാര്യത ലഭിച്ചതോടെ ഡല്‍ഹിയിലും നോയിഡയിലുമുള്ള 20ഓളം ഐടി വിദഗ്ധരും ചേര്‍ന്ന് വിപുലീകരിച്ചു. ഇപ്പോള്‍ 'ക്ലീന്‍ ദ നാഷ'ന്റെ ട്വിറ്റര്‍ പേജിന് 7,750 ഫോളോവേഴ്‌സുണ്ട്. സൈന്യത്തെ വിര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന വ്യക്തികളെയും സ്ഥാപനത്തെയും കണ്ടെത്തി ജോലിയില്‍നിന്ന് പിരിച്ചുവിടാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സംഘത്തിന്റെ വാദം.
Next Story

RELATED STORIES

Share it