India

വാട്‌സ് ആപ്പ് ചോര്‍ത്തല്‍: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് സുപ്രിംകോടതിയില്‍

ഇന്ത്യന്‍ പൗരന്‍മാരുടെ മൗലികമായ സ്വകാര്യത ലംഘിച്ചതിന് ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, എന്‍എസ്ഒ ഗ്രൂപ്പ് എന്നിവര്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കേസെടുത്ത് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഗോവിന്ദാചാര്യയുടെ ആവശ്യം.

വാട്‌സ് ആപ്പ് ചോര്‍ത്തല്‍: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാരസോഫ്റ്റ്‌വെയറായ 'പെഗാസസ്' ഉപയോഗിച്ച് ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ആര്‍എസ്എസ് മുന്‍ സൈദ്ധാന്തികന്‍ കെ എന്‍ ഗോവിന്ദാചാര്യ സുപ്രിംകോടതിയെ സമീപിച്ചു. ഇന്ത്യന്‍ പൗരന്‍മാരുടെ മൗലികമായ സ്വകാര്യത ലംഘിച്ചതിന് ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, എന്‍എസ്ഒ ഗ്രൂപ്പ് എന്നിവര്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കേസെടുത്ത് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഗോവിന്ദാചാര്യയുടെ ആവശ്യം.

ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ആവ്ക്‌സ് ആപ്പ് ഉള്‍പ്പടെയുള്ള ആര്‍ക്കും ഇത് ചോര്‍ത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചതിന് വാട്‌സ് ആപ്പ് അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണം. നിയമവിരുദ്ധമായ നിരീക്ഷണത്തിലൂടെ വാട്‌സ് ആപ്പ്, ഇന്റര്‍നെറ്റ് കമ്പനികള്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണ്. സ്വകാര്യത ഇല്ലാതാക്കുന്ന ഇത്തരം അനധികൃതമായ നിരീക്ഷണത്തില്‍നിന്ന് കോടതി സംരക്ഷണം നല്‍കണം. ഇടക്കാല നടപടിയെന്ന നിലയില്‍ നിരീക്ഷണത്തിനായി ചാര സോഫ്റ്റ്‌വെയറായ 'പെഗാസസ്' ഉപയോഗിക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ തടയുന്നതിനുള്ള ഇടപെടലുണ്ടാവണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു.

ഇസ്രയേലി രഹസ്യാന്വേഷണ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാട്‌സ് ആപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. പോലിസ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ പക്കലുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തുന്നത് ദേശസുരക്ഷയെത്തന്നെ അപകടത്തിലാക്കും. വാണിജ്യനേട്ടങ്ങള്‍ക്കായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് യുഎസ് ജില്ലാ കോടതിയില്‍ ഫെയ്‌സ്ബുക്ക് സമ്മതിച്ചിട്ടുണ്ട്. ചാര സോഫ്റ്റ്‌വെയറുകളുമായി ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കരാറിലാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it