India

രാജസ്ഥാനില്‍ വിഎച്ച്പി റാലിക്കിടെ സംഘര്‍ഷം; 39 പേര്‍ അറസ്റ്റില്‍

സംഘര്‍ഷം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. ഞായറാഴ്ച്ച ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലും പെട്ട 39 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

രാജസ്ഥാനില്‍ വിഎച്ച്പി റാലിക്കിടെ സംഘര്‍ഷം; 39 പേര്‍ അറസ്റ്റില്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപൂരിനു സമീപമുള്ള ഗംഗാപൂര്‍ സിറ്റിയില്‍ വിഎച്ച്പി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. ഞായറാഴ്ച്ച ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലും പെട്ട 39 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

500ഓളം വരുന്ന വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് കൂടി കടന്നു പോയ പ്രകടനം മസ്ജിദിന് സമീപം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതോടെ പ്രദേശവാസികള്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കല്ലേറ് നടന്നു. പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്.


സമാധാന യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‌ലം ഖാന്‍ സംസാരിക്കുന്നു

നിലവില്‍ പ്രദേശം ശാന്തമാണെന്ന് സവായ് മധേപൂര്‍ എസ്പി സുധീര്‍ ചൗധരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭരത്പൂര്‍ ഐജി ലക്ഷ്മണ്‍ ഗൗര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ഇരു വിഭാഗവുമായും ചര്‍ച്ച നടത്തി. ഇരു സമുദായങ്ങളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രദേശത്ത് സമാധാന റാലിയും നടത്തി. സമാധാന യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ലം ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.


തിങ്കളാഴ്ച്ച പ്രദേശത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചെങ്കിലും വിപണികള്‍ അടഞ്ഞുകിടന്നു. കരൗലി, ദോര്‍പൂര്‍, ഭരത്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രമസമാധാന പാലനത്തിനായി 1000ഓളം പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരെ സവായ് മധേപൂരില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഘര്‍ഷബാധിത പ്രദേശത്ത് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശനം നടത്തി. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെയും നേതാക്കള്‍ സന്ദര്‍ശിച്ചു.

പ്രദേശത്ത് കൂടി വിഎച്ച്പി പോലുള്ള ഒരു സംഘടനയ്ക്ക് പ്രകടനം നടത്താന്‍ അനുമതി കൊടുത്തതിനെ സ്വതന്ത്ര എംഎല്‍എ രാകേഷ് മീണ വിമര്‍ശിച്ചു. സമാധാനപരമായി റാലി നടത്തേണ്ടതിന് പകരം മസ്ജിദിന് സമീപം വിഎച്ച്പി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും വെല്ലുവിളി നടത്തുകയും ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it