India

അണ്‍ലോക്ക് നാലാംഘട്ടം: സപ്തംബര്‍ 12 മുതല്‍ 40 റൂട്ടുകളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍; 10 മുതല്‍ റിസര്‍വേഷന്‍

230 പ്രത്യേക ട്രെയിനുകളാണ് ഇതിനകം സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ പരീക്ഷയ്ക്കോ മറ്റാവശ്യങ്ങള്‍ക്കുവേണ്ടിയോ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്ന് വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

അണ്‍ലോക്ക് നാലാംഘട്ടം: സപ്തംബര്‍ 12 മുതല്‍ 40 റൂട്ടുകളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍; 10 മുതല്‍ റിസര്‍വേഷന്‍
X

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാംഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. സപ്തംബര്‍ 12 മുതല്‍ 40 ജോഡി പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് അറിയിച്ചു. സപ്തംബര്‍ 10 മുതല്‍ യാത്രയ്ക്കുള്ള റിസര്‍വേഷന്‍ ആരംഭിക്കും. 230 പ്രത്യേക ട്രെയിനുകളാണ് ഇതിനകം സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ പരീക്ഷയ്ക്കോ മറ്റാവശ്യങ്ങള്‍ക്കുവേണ്ടിയോ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്ന് വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

വെയ്റ്റിങ് ലിസ്റ്റുകള്‍ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാവുന്നതിന് ഞങ്ങള്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിരീക്ഷിക്കും. കൂടുതല്‍ വെയ്റ്റിങ് ലിസ്റ്റുള്ള സ്ഥലങ്ങളില്‍ മറ്റൊരു ട്രെയിനുവേണ്ടിയുളള ആവശ്യമുണ്ടാവുകയാണെങ്കില്‍ ഒരു ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. സ്‌പെഷ്യല്‍ ട്രെയിന് മുമ്പായിട്ടായിരിക്കും ഈ സര്‍വീസ്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്‍ലോക്ക് നാലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നതിനുവേണ്ടിയുളള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

സംസ്ഥാന സര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനായി മെയ് ഒന്നുമുതലാണ് ശ്രമിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

മെയ് 12 മുതല്‍ 15 ജോഡി സ്പെഷ്യല്‍ എയര്‍കണ്ടീഷന്‍ ട്രെയിനുകളും ജൂണ്‍ ഒന്നുമുതല്‍ 100 ജോഡി ഷെഡ്യൂള്‍ഡ് ട്രെയിന്‍ സര്‍വീസുകളും റെയില്‍വേ ആരംഭിച്ചിരുന്നു. സപ്തംബര്‍ 7 മുതല്‍ മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് പദ്ധതി. സപ്തംബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ 50 ശതമാനംവരെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് മടങ്ങിയെത്തുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it