India

യുക്രെയ്ന്‍ രക്ഷാദൗത്യത്തിന്റെ വിശദവിവരം കേന്ദ്രം പുറത്തുവിടണം: രാഹുല്‍ ഗാന്ധി

യുക്രെയ്ന്‍ രക്ഷാദൗത്യത്തിന്റെ വിശദവിവരം കേന്ദ്രം പുറത്തുവിടണം: രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ രക്ഷാദൗത്യത്തിന്റെ വിശദവിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറ്റൊരു ദുരന്തമൊഴിവാക്കാന്‍ കേന്ദ്രം ഒഴിപ്പിച്ചതും ഒഴിപ്പിക്കാനുള്ളതുമായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. യുക്രെയ്‌നില്‍ കുടുങ്ങിയവരുടേയും രക്ഷപ്പെട്ടവരുടേയും കണക്ക് പുറത്തുവിടണം. മേഖലകള്‍ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി സംബന്ധിച്ച വിവരങ്ങളും പുറത്തുവിടണം രാഹുല്‍ ട്വീറ്റ് ചെയ്തു.

മൂന്ന് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. റഷ്യയുടെ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള വ്യക്തമായ തന്ത്രത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളോട് പറയണം. 'ദുരന്തം സംഭവിക്കാതിരിക്കാന്‍, ഇതുവരെ എത്ര വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് കേന്ദ്രസര്‍ക്കാരിന് പറയാനാവുമോ?'. എത്ര പേര്‍ ഇപ്പോഴും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നു ? ഓരോ സോണിനുമുള്ള വിശദമായ ഒഴിപ്പിക്കല്‍ പദ്ധതി എന്താണ്?'- രാഹുല്‍ ചോദിച്ചു.

യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബോംബുകളുടെയും മിസൈലുകളുടെയും ഭീഷണിയില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ തിരക്കിലാണെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. നൂറുകണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ ഇപ്പോഴും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണ്. യുക്രെയ്ന്‍ വിട്ട് അയല്‍രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കുകയാണ്. അതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

Next Story

RELATED STORIES

Share it