India

'പാര്‍ലമെന്റില്‍ വരാത്ത വ്യക്തിക്ക് എങ്ങനെ മറുപടി നല്‍കും' ?; രാഹുലിനെ കടന്നാക്രമിച്ച് മോദി

പാര്‍ലമെന്റില്‍ വരാത്ത വ്യക്തിക്ക് എങ്ങനെ മറുപടി നല്‍കും ?; രാഹുലിനെ കടന്നാക്രമിച്ച് മോദി
X

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കൃത്യമായ മറുപടി പറയാന്‍ തയ്യാറാവുന്നില്ലെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാഹുല്‍ ഗാന്ധിയെ പേരെടുത്താണ് പ്രധാനമന്ത്രി കടന്നാക്രമിച്ചത്. സഭയില്‍ വരാത്ത, കേള്‍ക്കാന്‍ തയ്യാറാവാത്ത ആള്‍ക്ക് എങ്ങനെ മറുപടി നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. ലോക്‌സഭയിലും രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ തൊഴിലില്ലായ്മ, ഇന്ത്യ- ചൈന വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

രാഹുല്‍ ഗാന്ധി സഭയില്‍ വന്ന് മറുപടി നല്‍കാന്‍ തയ്യാറാവണമെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചോദ്യങ്ങളില്‍ വിശദമായ ഉത്തരങ്ങള്‍ അതത് മന്ത്രാലയങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളില്‍ താന്‍തന്നെ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ പ്രധാനമന്ത്രി, താനും തന്റെ സര്‍ക്കാരും ആരെയും ആക്രമിക്കുന്നില്ല. പകരം ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല. അത് എന്റെ സ്വഭാവത്തിലും ഇല്ല.

ചില സമയത്ത് വാദപ്രതിവാദങ്ങളാവും. പാര്‍ലമെന്റില്‍ ചില തടസ്സപ്പെടുത്തലുകള്‍ ഉണ്ടായേക്കും. ഈ വിഷയങ്ങളിലൊന്നും എനിക്ക് അസ്വസ്ഥയുണ്ടാവാന്‍ ഒരു കാരണവുമില്ല. എല്ലാ വിഷയങ്ങളിലും ഞാന്‍ വസ്തുതകള്‍ നല്‍കുകയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങളിലും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സഭയിലെ എന്റെ വാക്കുകള്‍ വ്യാഖ്യാനിച്ച് ചില വിവാദങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മോദി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടും. യുപിയില്‍ രണ്ട് ചെക്കന്‍മാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒന്നിച്ചുണ്ടായിരുന്നു. എന്നാല്‍, അവരുടെ അഹങ്കാരത്തിന് യുപി മറുപടി നല്‍കി. ഇത്തവണയും കുടുംബ രാഷ്ട്രീയത്തിനെതിരേ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it