India

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കമായി; ആദ്യം വാക്‌സിന്‍ സ്വീകരിച്ചത് ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളി

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിച്ചു. കൊവിന്‍ ആപ്പും പുറത്തിറക്കി.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കമായി; ആദ്യം വാക്‌സിന്‍ സ്വീകരിച്ചത് ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിച്ചു. കൊവിന്‍ ആപ്പും പുറത്തിറക്കി. ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാളാണ് രാജ്യത്താദ്യം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. എയിംസിലാണ് വാക്‌സിനേഷന്‍ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും സന്നിഹിതനായിരുന്നു.

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും താന്‍ അഭിനന്ദിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്റെ രണ്ടുഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരുമാസത്തെ ഇടവേളയുണ്ടാവണമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. സാധാരണയായി ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്‌സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കില്‍, കൊവാക്‌സിനോ, കൊവിഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവുമുണ്ടാവും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാവുക. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യുഎച്ച്ഒ, യൂനിസെഫ്, യുഎന്‍ഡിപി തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാര്‍ഥ്യമാക്കുന്നത്.

Next Story

RELATED STORIES

Share it