India

പെഗാസസ്, കാര്‍ഷിക നിയമം; പാര്‍ലമെന്റ് പ്രക്ഷുബ്ധം, രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം, രാജ്യസഭ നാളെ രാവിലെ 11 വരെ നിര്‍ത്തിവച്ചു

പെഗാസസ്, കാര്‍ഷിക നിയമം; പാര്‍ലമെന്റ് പ്രക്ഷുബ്ധം, രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം, രാജ്യസഭ നാളെ രാവിലെ 11 വരെ നിര്‍ത്തിവച്ചു
X

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. പെഗാസസ് വിഷയം ഉയര്‍ത്തി തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാര്‍ലമെന്റ് നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നത്. ലോക്‌സഭയില്‍ പ്രതിപക്ഷം രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പെഗാസസ് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ലോക്‌സഭയിലും രാജ്യസഭയിലും പ്രക്ഷുബ്ധരംഗങ്ങള്‍ അരങ്ങേറിയത്. ബഹളത്തിനിടയിലും സഭാനടപടികളുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നോട്ടുപോയി.

ശൂന്യവേളയിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പേപ്പറുകള്‍ കീറിയെറിഞ്ഞത്. ട്രഷറി ബെഞ്ചുകളിലേക്കും പ്രസ് ഗ്യാലറിയിലേക്കും പേപ്പറുകള്‍ വലിച്ചെറിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. അംഗങ്ങളുടെ അക്രമാസക്തമായ പെരുമാറ്റത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അതൃപ്തി രേഖപ്പെടുത്തി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്‌സഭയും ആദ്യം ഉച്ചയ്ക്ക് 12.30 വരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് രണ്ടുമണി വരെ ലോക്‌സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

രണ്ടുമണിക്ക് സഭ ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിനാല്‍ നടപടികള്‍ വീണ്ടും മൂന്നുമണി വരെ നിര്‍ത്തിവയ്ക്കുകയുണ്ടായി. രാജ്യസഭ നാളെ രാവിലെ 11 മണി വരെയും നിര്‍ത്തിവയ്ക്കുകയാണെന്ന് ചെയര്‍ അറിയിച്ചു. ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ ഒഴികെയുള്ള 14 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പല വിഷയങ്ങളിലും അടിയന്തരപ്രമേയം നല്‍കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെഗാസസ് വിഷയത്തില്‍ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

അതേസമയം, പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം രാഹുല്‍ ഗാന്ധി തള്ളി. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പെഗാസസ്, കര്‍ഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സഭ ചേരുന്നതിന് മുമ്പ് രാഹുല്‍ പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it