India

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശനസുരക്ഷാ മാനദണ്ഡങ്ങള്‍

രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് രാജ്യസഭയും ചേരും. നാളെ മുതല്‍ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്‌സഭയുമാവും ചേരുക. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കും

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശനസുരക്ഷാ മാനദണ്ഡങ്ങള്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാലുമണിക്കൂര്‍ വീതമായിരിക്കും ഇരുസഭകളും പ്രവര്‍ത്തിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് രാജ്യസഭയും ചേരും. നാളെ മുതല്‍ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്‌സഭയുമാവും ചേരുക. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കും. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവരുടെ പേര് ഡല്‍ഹി വംശഹത്യ അക്രമത്തിന്റെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തില്‍ ബിനോയ് വിശ്വം, കെ കെ രാഗേഷ്, എ എം ആരിഫ് തുടങ്ങിയവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി തര്‍ക്കത്തില്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. അവശ്യസാധന നിയമഭേദഗതി ബില്ലും മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധനടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക.

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പുതുമകളും തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും. ഇതാദ്യമായി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം എല്ലാ എംപിമാരും മാസ്‌ക് ധരിച്ചാവും പാര്‍ലമെന്റിലെത്തുകയും നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുക. രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെയാണ് ഇരുസഭകളുടെയും സാധാരണ പ്രവര്‍ത്തനസമയം.

ശൂന്യവേള 30 മിനിറ്റായി ചുരുക്കിയതു പ്രത്യേകതയാണ്. ചോദ്യോത്തരവേള ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നതിനാല്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങള്‍ക്കു സഭയില്‍തന്നെ മന്ത്രിമാര്‍ ഉത്തരം നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലടക്കം ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുമെന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് മന്ദിരത്തിലും സമ്മേളനഹാളുകളിലും സാമൂഹിക അകലം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത അകലം പാലിച്ചാണ് അംഗങ്ങളുടെ ഇരിപ്പിടം ക്രമീകരിക്കുന്നത്. അംഗങ്ങള്‍ സംസാരിക്കുന്നത് കാണിക്കുന്നതിനായി ചേംബറില്‍ നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it