India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച മുതല്‍; ആദ്യഘട്ടത്തില്‍ സോണിയാ ഗാന്ധിയും രാഹുലും പങ്കെടുക്കില്ല

ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാവില്ല.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച മുതല്‍; ആദ്യഘട്ടത്തില്‍ സോണിയാ ഗാന്ധിയും രാഹുലും പങ്കെടുക്കില്ല
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ ഒന്നുവരെയാണ് സമ്മേളനം ചേരുക. കൊവിഡ് വ്യാപനം പരിഗണിച്ചാണ് ഇരുസഭകളുടെയും പ്രവര്‍ത്തനം സാമൂഹിക അകലമുള്‍പ്പെടെയുള്ളവ പാലിച്ച് ക്രമീകരിക്കുന്നത്. ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാവില്ല. ശൂന്യവേളയുള്‍പ്പെടെയുള്ള മറ്റ് സഭാനടപടികള്‍ തുടരും. എന്നാല്‍, ശൂന്യവേള 30 മിനിറ്റായി കുറയ്ക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സഭാനടപടികള്‍. രാജ്യസഭ, ലോക്‌സഭ ഹാളുകള്‍ക്കു പുറമേ ഗാലറികളും ചേംബറുകളും എംപിമാര്‍ക്കായി ഉപയോഗപ്പെടുത്തും.

കടലാസ് ഉപയോഗം പരമാവധി കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. എംപിമാര്‍ ഒപ്പിടുന്നതും ഡിജിറ്റലാക്കിയിട്ടുണ്ട്. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി മുന്‍ അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധിയും പങ്കെടുക്കില്ല. വാര്‍ഷിക വൈദ്യപരിശോധനകള്‍ക്കായി സോണിയാ ഗാന്ധി അമേരിക്കയിലേക്ക് പോയതിനെത്തുടര്‍ന്നാണിത്. സോണിയ ശനിയാഴ്ചയാണ് അമേരിക്കയിലേക്ക് പുറപ്പെട്ടത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്. രണ്ടാഴ്ചയോളം സോണിയ ഇന്ത്യയിലുണ്ടായിരിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. സോണിയക്കൊപ്പം അമേരിക്കയിലേക്കുപോയ രാഹുല്‍ ഗാന്ധി എംപി ഏതാനും ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തും. ഈ സമയം സോണിയയെ സഹായിക്കാന്‍ മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി അമേരിക്കയിലെത്തും.

അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് സോണിയ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇരുസഭകളിലും മികച്ച ഏകോപനത്തോടെയുള്ള ഇടപെടലുകള്‍ക്കും രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സാമ്പത്തികമാന്ദ്യം, കേന്ദ്രം കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പാര്‍ട്ടി ഉന്നയിക്കാന്‍ സാധ്യതയുണ്ട്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എംപിമാരില്‍ പലരും പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ ദിവസവും പങ്കെടുക്കാനിടയില്ല. മുന്‍ പ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ മന്‍മോഹന്‍ സിങ് ആദ്യദിവസം മാത്രമേ പങ്കെടുക്കൂ.

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് എന്നിവരും എല്ലാ ദിവസവും പങ്കെടുക്കാനിടയില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 65 നു മേല്‍ പ്രായമുള്ള എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, നേതൃമാറ്റം ആവശ്യപ്പെട്ടും നിലപാടുകളെ വിമര്‍ശിച്ചും സോണിയാ ഗാന്ധിക്ക് കത്തയച്ച പ്രമുഖരില്‍ ചിലര്‍ക്കെതിരേ നേതൃത്വം അച്ചടക്കനടപടിയെടുത്തിരുന്നു. ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് നീക്കിയത്.

Next Story

RELATED STORIES

Share it