India

ഡല്‍ഹിയിലെ അതിശൈത്യം: അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി; 530 സര്‍വീസുകള്‍ വൈകി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന 320 വിമാനങ്ങളും ഇവിടേയ്‌ക്കെത്തുന്ന 210 സര്‍വീസുകളുമാണ് വൈകിക്കൊണ്ടിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ അതിശൈത്യം: അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി; 530 സര്‍വീസുകള്‍ വൈകി
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതിശൈത്യത്തെത്തുടര്‍ന്ന് ജനജീവിതം കൂടുതല്‍ ദുസ്സഹമായി. ഡല്‍ഹിയിലും സമീപ്രദേശങ്ങളിലും പൂര്‍ണമായി മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയാണ്. ദൃശ്യപരിധി കുറഞ്ഞതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗത സംവധാനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 530 വിമാന സര്‍വീസുകള്‍ വൈകി. അഞ്ച് വിമാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കി. ഉച്ചവരെയുള്ള കണക്കുകളാണിത്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന 320 വിമാനങ്ങളും ഇവിടേയ്‌ക്കെത്തുന്ന 210 സര്‍വീസുകളുമാണ് വൈകിക്കൊണ്ടിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങളുടെ പുതുക്കിയ സമയവിവരത്തിനായി കാത്തിരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഡല്‍ഹിയില്‍ 2.6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. നഗര റോഡുകളിലെ ദൃശ്യപരിധി 50 മീറ്ററില്‍ താഴെയായതിനാല്‍ ഡല്‍ഹിയില്‍ യാത്രക്കാര്‍ എമര്‍ജന്‍സി ലൈറ്റുകള്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നത്. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചിച്ചിരുന്നു.

കനത്ത മൂടല്‍മഞ്ഞില്‍ മുന്നോട്ടുള്ള വഴികാണാതെ റോഡില്‍നിന്ന് തെന്നിമാറിയ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിമാറിയ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അതിശൈത്യം കാരണം ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശൈത്യമുള്ള കാലാവസ്ഥ ഉത്തരേന്ത്യയില്‍ രണ്ടുദിവസംകൂടി നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it