India

ആകാശം കീഴടക്കി അനുപ്രിയ ലക്‌റ; ഒഡിഷയിലെ ആദ്യ ആദിവാസി പൈലറ്റ്

എന്‍ജിനീയറിങ് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇതിനു വേണ്ടിയുള്ള എന്‍ട്രന്‍സ് എഴുതിയത്. ഇന്ന് അവള്‍ ഒഡിഷയിലെ ആദ്യ ആദിവാസി പൈലറ്റ എന്ന നിലയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്.

ആകാശം കീഴടക്കി അനുപ്രിയ ലക്‌റ; ഒഡിഷയിലെ ആദ്യ ആദിവാസി പൈലറ്റ്
X

ഭുവനേശ്വര്‍: മാവോവാദി സ്വാധീന മേഖലയായ ഒഡിഷയിലെ മല്‍കന്‍ഗിരി ശരിയായ റോഡുപോലുമില്ലാത്ത കാട്ടുമൂലയായിരുന്നു ഏതാനും വര്‍ഷം മുമ്പ് വരെ. എന്നാല്‍, അതൊന്നും ആകാശത്തോളം ഉയരാനുള്ള അനുപ്രിയ ലര്‍കയുടെ സ്വപ്‌നങ്ങള്‍ക്കു തടസ്സമായില്ല. ഒരു പൈലറ്റാവുകയെന്നതായിരുന്നു ആ കാടിന്റെ മകളുടെ സ്വപ്നം. എന്‍ജിനീയറിങ് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇതിനു വേണ്ടിയുള്ള എന്‍ട്രന്‍സ് എഴുതിയത്. ഇന്ന് അവള്‍ ഒഡിഷയിലെ ആദ്യ ആദിവാസി പൈലറ്റ എന്ന നിലയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോ പൈലറ്റായാണ് അനുപ്രിയ ചേര്‍ന്നത്. മല്‍കന്‍ഗിരി ജില്ലയിലെ പോലിസ് കോണ്‍സ്റ്റബിള്‍ മരിനിയാസ് ലാക്‌റയുടെയും ജിമാജ് യാഷ്മിന്‍ ലാക്‌റയുടെയും മകളാണ് അനുപ്രിയ.



കുടുംബത്തിനു മാത്രമല്ല സംസ്ഥാനത്തിന് ഒട്ടാകെ അഭിമാനമാണ് അനുപ്രിയയുടെ നേട്ടമെന്ന് മാതാപിതാക്കള്‍ പറയുന്നു. പൈലറ്റ് പരിശീലനത്തിന് മകളെ അയയ്ക്കാന്‍ പലപ്പോഴും സാമ്പത്തികബുദ്ധിമുട്ട് നേരിട്ടു. ലോണെടുത്തും ബന്ധുക്കളില്‍ നിന്ന് സഹായം സ്വീകരിച്ചുമായിരുന്നു പഠിപ്പിച്ചിരുന്നതെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

അവളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകാന്‍ അനുപ്രിയ കാരണമാവട്ടെ. പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെടുകയാണെന്നും ജിമാജ് യാഷ്മിന്‍ ലാക്ര പറഞ്ഞു.

സാന്താള്‍ സമുദായത്തില്‍പ്പെട്ട അനുപ്രിയ മൂന്ന് മക്കളില്‍ ഇളയവളാണ്. ഏഴാം ക്ലാസ് വരെ ദീപ്തി കോണ്‍വന്റ് സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് സെമിലിഗുഡയിലേക്കു മാറി. ഭൂവനേശ്വറിലാണ് എന്‍ജിനീയറിങിനു ചേര്‍ന്നത്. എന്നാല്‍, പൈലറ്റ് മോഹം കലശലായതോടെ എന്‍ജനീയറിങ് പാതിവഴിയില്‍ ഉപേക്ഷിച്ച് എന്‍ട്രന്‍സ് പരീക്ഷയ്ക്ക ഒരുങ്ങുകയായിരുന്നു. 2012ലാണ് ഭുവനേശ്വറിലെ ഫ്‌ളൈയിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുപ്രിയയെ അഭിനന്ദിച്ചു. നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും നിരവധി കുട്ടികള്‍ക്ക് അനുപ്രിയ മാതൃക ആയിരിക്കുകയാണെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it