ഉത്തരേന്ത്യക്കാര്‍ക്ക് ജോലി ലഭിക്കാത്തത് യോഗ്യതയില്ലാത്തതിനാലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി

ഉത്തരേന്ത്യക്കാര്‍ക്ക് ജോലി ലഭിക്കാത്തത് യോഗ്യതയില്ലാത്തതിനാലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

ബറേലി(യുപി): രാജ്യത്ത് തൊഴിലില്ലായ്മയില്ലെന്നും ഉത്തരേന്ത്യന്‍ യുവാക്കള്‍ക്ക് യോഗ്യതയില്ലാത്തതിനാലാണ് ജോലി ലഭിക്കാത്തതെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞു. ബറേലിയില്‍ നടന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിവാദപരാമര്‍ശം. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ല. എന്നാല്‍ ഉദ്യോഗാര്‍ഥികളെ തേടുന്ന കമ്പനികള്‍ ഇവിടുത്തെ യുവാക്കള്‍ അയോഗ്യരാണെന്നാണ് പറയുന്നത്. നിരവധി തൊഴിലവസരങ്ങളുണ്ട്. എംപ്ലോയ്‌മെന്റ് ഓഫിസുകളും കേന്ദ്ര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മാന്ദ്യമുണ്ടെന്നു പറയുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ കാരണം ദുരിതമനുഭവിക്കുന്ന യുവാക്കളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
RELATED STORIES

Share it
Top