വില കുറച്ചിട്ടും മോദി കോട്ട് വാങ്ങാനാളില്ല; ആശങ്കയോടെ വ്യാപാരികള്‍

ആദ്യഘട്ടങ്ങളില്‍ ദിനംപ്രതി 35 കോട്ട്(ജാക്കറ്റ്) വീതം വിറ്റുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒരെണ്ണം വിറ്റാലായി എന്ന സ്ഥിതിയിലേക്കെത്തിയെന്ന് വ്യാപാരികള്‍ പറയുന്നു

വില കുറച്ചിട്ടും മോദി കോട്ട് വാങ്ങാനാളില്ല; ആശങ്കയോടെ വ്യാപാരികള്‍

മുംബൈ: പ്രധാനമന്ത്രിയായി മോദി അധികാരത്തിലെത്തിയതു മുതല്‍ ചര്‍ച്ചയായതാണ് അദ്ദേഹത്തിന്റെ വിദേശയാത്രയും വസ്ത്രവും. അഞ്ചു കൊല്ലം മുമ്പ് വിപണിയില്‍ തരംഗമായിരുന്ന മോദി കോട്ട് വാങ്ങാന്‍ ഇപ്പോള്‍ തീരെ ആളില്ലാത്തത് വ്യാപാരികള്‍ക്ക് തിരിച്ചടിയായി. വില കുറച്ച് നല്‍കിയിട്ടും ആരുമെത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആദ്യഘട്ടങ്ങളില്‍ ദിനംപ്രതി 35 കോട്ട്(ജാക്കറ്റ്) വീതം വിറ്റുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒരെണ്ണം വിറ്റാലായി എന്ന സ്ഥിതിയിലേക്കെത്തിയെന്ന് വ്യാപാരികള്‍ പറയുന്നു. വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പ്പനയില്‍ വ്യത്യാസമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കഴിഞ്ഞ വര്‍ഷം 10 ജാക്കറ്റ് മാത്രമാണ് വിറ്റതെന്ന് മൂംബൈയിലെ പരമ്പരാഗത വസ്ത്രവ്യാപാരിയായ രാജേന്ദ്ര ഭാവ്‌സ പറഞ്ഞു. 2018 സെപ്തംബര്‍ 17ന് ഡല്‍ഹിയിലെ കൊണൗട്ട് പ്ലേസിലുള്ള ഖാദി കേന്ദ്രത്തിലാണ് ജാക്കറ്റുകളും കുര്‍ത്തകളും ഖാദി ഇന്ത്യ അവതരിപ്പിച്ചത്. കൊണൗട്ട് പ്ലേസിലെ ഔട്ട്‌ലെറ്റില്‍ നിന്നു 2018 ഒക്ടോബര്‍ മാസം മാത്രം 14.76 കോടി രൂപയുടെ വില്‍പന നടത്തിയിരുന്നു. ഡല്‍ഹിയിലെ ഏഴ് ഖാദി കേന്ദ്രങ്ങളില്‍ നിന്ന് പ്രതിദിനം 1,400 ലേറെ വസ്ത്രങ്ങളാണ് വിറ്റുപോവുന്നതെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴത് പരിതാപകരമായ അവസ്ഥയിലെത്തി. മോദിയോടുള്ള താല്‍പര്യം കുറഞ്ഞതാണ് മോദി ജാക്കറ്റിന്റെ ഡിമാന്റ് കുത്തനെ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയാണ് വില്‍പ്പനയെ ബാധിച്ചതെന്ന് വ്യാപാരികള്‍ തുറന്നുസമ്മതിക്കുന്നു. വന്‍ വില്‍പന ലക്ഷ്യമിട്ട് സൂക്ഷിച്ച സ്‌റ്റോക്കുകള്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാപാരികള്‍ ആശങ്കയിലാണ്.
BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top