India

നിസാമുദ്ദീന്‍ മര്‍ക്കസ് പൂര്‍ണതോതില്‍ തുറക്കല്‍: പോലിസിന്റെ അനുമതി തേടാന്‍ വഖഫ് ബോര്‍ഡിനോട് ഡല്‍ഹി ഹൈക്കോടതി

നിസാമുദ്ദീന്‍ മര്‍ക്കസ് പൂര്‍ണതോതില്‍ തുറക്കല്‍: പോലിസിന്റെ അനുമതി തേടാന്‍ വഖഫ് ബോര്‍ഡിനോട് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസിലെ മുഴുവന്‍ മസ്ജിദ് പരിസരവും പ്രാര്‍ത്ഥനയ്ക്കായി വീണ്ടും തുറക്കുന്നതിന് അനുമതി തേടി ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഡല്‍ഹി വഖഫ് ബോര്‍ഡിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് മതസ്ഥലം വീണ്ടും തുറക്കുന്നതിനുള്ള വഖഫ് ബോര്‍ഡിന്റെ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്‌റിയുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഹസ്‌റത്ത് നിസാമുദ്ദീന്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് ഉടന്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടത്.

വാദത്തിനിടെ, കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ രജത് നായര്‍, അപേക്ഷ നിയമപ്രകാരം എത്രയും വേഗം ന്യായമായി പരിഗണിക്കുമെന്ന് കോടതിക്ക് ഉറപ്പുനല്‍കി. അഞ്ച് പേര്‍ക്ക് നമസ്‌കാരം അനുവദിച്ചിരുന്നതാണെന്നും ഈ വര്‍ഷവും മതപരമായ ഉല്‍സവങ്ങള്‍ നടത്താമെന്നും നേരത്തെ നടന്ന വാദത്തില്‍ കേന്ദ്രത്തിന്റെ അഭിഭാഷകന്‍ നായര്‍ അറിയിച്ചിരുന്നു.

'മിസ്റ്റര്‍ നായരേ, ഒന്നാം നില തുറക്കുന്നതില്‍ എതിര്‍പ്പില്ലെങ്കില്‍, ശേഷിക്കുന്ന ഭാഗം തുറക്കുന്നതിന് എന്തിനാണ് എതിര്‍പ്പ്, നിങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക. മതപരമായ ആഘോഷങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്തുകൊണ്ട് എല്ലാ ദിവസവും ഇതായിക്കൂടാ ?' ബെഞ്ച് ചോദിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2020 മാര്‍ച്ച് മൂന്ന് മുതല്‍ മര്‍ക്കസ് അടച്ചിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it