India

നിങ്ങള്‍ എനിക്ക് വോട്ടുചെയ്യേണ്ട, പക്ഷേ വിഡ്ഢിത്തരം പറയരുത്; ലാലു പ്രസാദിന് മുദ്രാവാക്യം വിളിച്ച അണികളോട് പൊട്ടിത്തെറിച്ച് നിതീഷ്‌കുമാര്‍

ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്ന ചന്ദ്രിക റായ്ക്ക് വേണ്ടി ഛാപ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ആര്‍ജെഡി നേതാവും ലാലുവിന്റെ അടുത്ത സഹായിയുമായിരുന്ന ചന്ദ്രിക റായി അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചത്.

നിങ്ങള്‍ എനിക്ക് വോട്ടുചെയ്യേണ്ട, പക്ഷേ വിഡ്ഢിത്തരം പറയരുത്; ലാലു പ്രസാദിന് മുദ്രാവാക്യം വിളിച്ച അണികളോട് പൊട്ടിത്തെറിച്ച് നിതീഷ്‌കുമാര്‍
X

പട്‌ന: ജെഡിയു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ അണികളോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അണികളില്‍ ചിലര്‍ 'ലാലു യാദവ് സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കിയതാണ് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ എനിക്ക് വോട്ടുചെയ്തില്ലെങ്കിലും വേണ്ടില്ല, വിഡ്ഢിത്തരം പറയരുതെന്നായിരുന്നു നിതീഷ് കുമാര്‍ അണികള്‍ക്ക് നല്‍കിയ താക്കീത്. പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്ന നിതീഷ്‌കുമാറിന്റെ പെട്ടെന്നുള്ള ഭാവമാറ്റം അണികളെ ഞെട്ടിച്ചു.

എന്ത് വിഡ്ഢിത്തരമാണ് പറയുന്നതെന്ന് ചോദിച്ച നിതീഷ് കുമാര്‍, ഇത്തരം വിഡ്ഢിത്തരം വിളിച്ചുകൂവുന്നവര്‍ കൈ ഉയര്‍ത്തൂ എന്നും ആവശ്യപ്പെട്ടു. 'നിങ്ങള്‍ എന്താണ് പറയുന്നത് ? നിങ്ങള്‍ എന്താണ് പറഞ്ഞത്, ബഹളമുണ്ടാക്കരുത്. നിങ്ങള്‍ക്ക് എനിക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ചെയ്യരുത്, എന്നാല്‍, ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്. അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുത്- നിതീഷ് കുമാര്‍ പറഞ്ഞു. ഇതോടെ അണികള്‍ ഒന്നടങ്കം നിശബ്ദരായി. അതിനിടയില്‍ സദസ്സില്‍നിന്നൊരാള്‍ 'കാലിത്തീറ്റ കള്ളന്‍' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കാലിത്തീറ്റ കുംഭകോണ കേസിനെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം. അണികള്‍ നിശബ്ദരായതോടെ നിതീഷ് കുമാര്‍ പ്രസംഗം തുടര്‍ന്നു. 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍ജെഡി നേതാവിന്റെ വാഗ്ദാനത്തെയും നിതീഷ് കുമാര്‍ വിമര്‍ശിച്ചു. 10 ലക്ഷം പേര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ എവിടെ നിന്നാണ് പണം? നിങ്ങള്‍ വ്യാജനോട്ടുകള്‍ അച്ചടിക്കുന്നുണ്ടോ? എന്തുകൊണ്ട് 10 ലക്ഷം മാത്രം, ജോലി നല്‍കുന്നുവെങ്കില്‍ എല്ലാവര്‍ക്കും നല്‍കണം. തേജസ്വി നല്‍കിയത് അസാധ്യമായ വാഗ്ദാനമാണെന്നും ഭൂമിയിലെ ആര്‍ക്കും ഇത് നടപ്പാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്ന ചന്ദ്രിക റായ്ക്ക് വേണ്ടി ഛാപ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ആര്‍ജെഡി നേതാവും ലാലുവിന്റെ അടുത്ത സഹായിയുമായിരുന്ന ചന്ദ്രിക റായി അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചത്. നിതീഷ് കുമാറിനെതിരേ വന്‍തോതില്‍ ഉയരുന്ന ഭരണവിരുദ്ധ തരംഗത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവമെന്ന് രാഷ്ട്രീയവിദഗ്ധര്‍ പറയുന്നു. ലാലു ഒരു നേതാവല്ല, പ്രത്യയശാസ്ത്രമാണെന്നും അത്തരം മുദ്രാവാക്യങ്ങള്‍ നിതീഷിന്റെ റാലികളില്‍ ഉയരുന്നത് അതിശയിപ്പിക്കുന്നില്ലെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

Next Story

RELATED STORIES

Share it