India

ബിഎസ്പി എംപിക്കെതിരായ പീഡനക്കേസ്; ഡല്‍ഹി, യുപി പോലിസിനോട് റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ബിഎസ്പി എംപിക്കെതിരായ പീഡനക്കേസ്; ഡല്‍ഹി, യുപി പോലിസിനോട് റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
X

ന്യൂഡല്‍ഹി: ബിഎസ്പി എംപിക്കെതിരേ യുവതി നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ഡല്‍ഹി പോലിസിനോടും ഉത്തര്‍പ്രദേശ് പോലിസിനോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. പീഡനത്തിനിരയായ യുവതി ആഗസ്ത് 16ന് സുപ്രിംകോടതി പരിസരത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപോര്‍ട്ട് നല്‍കണമെന്നാണ് ഉത്തര്‍പ്രദേശ് പോലിസ് ഡയറക്ടര്‍ ജനറലിനും ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടിയെക്കുറിച്ചും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

ആഗസ്ത് 16നാണ് സുപ്രിംകോടതി ഡി ഗേറ്റിനു മുന്നില്‍ പുറത്ത് യുവതിയും യുവാവും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇരുവരും മരിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനിരയായ ഒരു വ്യക്തി എങ്ങനെയാണ് ഈ സംവിധാനത്തില്‍ വീണ്ടും ഇരയാക്കപ്പെടുന്നതെന്നത് ഞെട്ടിക്കുന്നതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

യുപി ഗാസിപൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് ബിഎസ്പി എംപി അതുല്‍ റായിയെ പോലിസ് അറസ്റ്റുചെയ്തിരുന്നു. 2019 ജൂണിലായിരുന്നു സംഭവം. ഇതിന് പിന്നാലെ അതുല്‍ റായിയുടെ സഹോദരന്‍ നല്‍കിയ വ്യാജ രേഖാ കേസില്‍ യുവതിക്കും യുവാവിനുമെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവില്‍ ഇരുവരും വ്യക്തമാക്കത്.

പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ആരോപണവിധേയനായ എംപിക്കെതിരേ നടപടിയെടുക്കുന്നതിന് പകരം പോലിസ് തങ്ങള്‍ക്കെതിരേ തെറ്റായ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തുവെന്നും ഫേസ്ബുക്ക് ലൈവില്‍ ഇരുവരും വിശദീകരിച്ചു. സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ രണ്ടുപേരെ ഉത്തര്‍പ്രദേശ് പോലിസ് പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it