India

മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം; മരണം 11 ആയി

മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം; മരണം 11 ആയി
X

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നേരത്തെ ഒമ്പതുപേര്‍ മരണപ്പെട്ടുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഏഴോളം പേര്‍ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു.

തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ആളുകളെ രക്ഷിക്കാന്‍ ടീമുകള്‍ ഇവിടെയുണ്ട്- മുംബൈ ഡെപ്യൂട്ടി പോലിസ് കമ്മീഷണറെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ലോക്കല്‍ പോലിസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.

നഗരത്തിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നതെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് പറഞ്ഞു. മുംബൈയില്‍ ബുധനാഴ്ച പകല്‍ മുഴുവന്‍ കനത്ത മഴയായിരുന്നു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് റോഡുകളും റെയില്‍ പാതകളും അടച്ചിട്ടിരിക്കുകയാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നഗരത്തിലെത്തിയതോടെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. മുംബൈ, അയല്‍ ജില്ലകളായ താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിതീവ്രമോ ആയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it