കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

റെയ്‌സാല്‍പൂര്‍ ഗ്രാമത്തിന് സമീപം ദേശീയപാത 69ലായിരുന്നു അപകടം. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് അപകടത്തില്‍പെട്ടത്.

കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗാബാദിലുണ്ടായ കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. റെയ്‌സാല്‍പൂര്‍ ഗ്രാമത്തിന് സമീപം ദേശീയപാത 69ലായിരുന്നു അപകടം. ഇന്‍ഡോറില്‍നിന്നുള്ള ഷാനവാസ് ഹുസൈന്‍, ഇതാര്‍സിയില്‍നിന്നുള്ള ആദര്‍ശ് ഹര്‍ദുവ, ജബല്‍പൂരില്‍നിന്നുള്ള ആഷിഷ് ലാല്‍, ഗ്വാളിയാറില്‍നിന്നുള്ള അനികേത്ത് വരുണ്‍ എന്നിവരാണ് മരിച്ചത്. ഷാന്‍ ഗ്ലാഡ്‌വിന്‍ സഹില്‍ ചൗര്‍, അക്ഷയ് അവാസ്തി എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് അപകടത്തില്‍പെട്ടത്. താരങ്ങള്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പോലിസ് അറിയിച്ചു.


ധ്യാന്‍ ചന്ദ്ര ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇറ്റാര്‍സിയില്‍നിന്നും ഹൊഷംഗാബാദിലേക്കു വരികയായിരുന്നു താരങ്ങള്‍. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top