India

മുന്നണി വിടാനൊരുങ്ങി കൂടുതല്‍ കക്ഷികള്‍; എന്‍ഡിഎ ദുര്‍ബലമാവുന്നു

കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 17 പാര്‍ട്ടികളാണ് മുന്നണിയില്‍നിന്ന് പുറത്തേക്കുപോയത്. അഞ്ച് കക്ഷികള്‍ ഏതുനിമിഷവും മുന്നണി വിടുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. മുന്നണി കൂടുതല്‍ ശക്തിപ്രാപിച്ചെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും അംഗബലം ചോരുന്നുകൊണ്ടിരിക്കുന്നത് ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 30 പാര്‍ട്ടികളുടെ കരുത്തുമായാണ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

മുന്നണി വിടാനൊരുങ്ങി കൂടുതല്‍ കക്ഷികള്‍; എന്‍ഡിഎ ദുര്‍ബലമാവുന്നു
X

ന്യൂഡല്‍ഹി: പലവിധ കാരണങ്ങളാല്‍ കൂടുതല്‍ കക്ഷികള്‍ മുന്നണിയില്‍നിന്ന് വിട്ടുപോയതോടെ എന്‍ഡിഎ ദുര്‍ബലമായി. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 17 പാര്‍ട്ടികളാണ് മുന്നണിയില്‍നിന്ന് പുറത്തേക്കുപോയത്. അഞ്ച് കക്ഷികള്‍ ഏതുനിമിഷവും മുന്നണി വിടുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. മുന്നണി കൂടുതല്‍ ശക്തിപ്രാപിച്ചെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും അംഗബലം ചോരുന്നുകൊണ്ടിരിക്കുന്നത് ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 30 പാര്‍ട്ടികളുടെ കരുത്തുമായാണ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പ്രാദേശിക പാര്‍ട്ടികളെ ഒതുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന ആരോപണവുമായി ഹരിയാന ജനഹിത് കോണ്‍ഗ്രസാണ് ആദ്യം മുന്നണി വിട്ടത്. വൈകോയുടെ നേതൃത്വത്തില്‍ എംഡിഎംകെയും ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍തന്നെ സഖ്യം ഉപേക്ഷിച്ചു.

തമിഴ് ജനതയെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്നായിരുന്നു വൈകോയുടെ പരാതി. വിജയ്കാന്തിന്റെ ഡിഎംഡികെയും എസ് രാമദോസിന്റെ പിഎംകെയും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സഖ്യം വിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി സഖ്യത്തിന്റെ ശക്തിസ്രോതസ്സായി നിന്ന തെലുങ്കുദേശം പാര്‍ട്ടി അടക്കം ഇക്കുറി പ്രതിപക്ഷചേരിയുടെ മുന്‍നിരയിലാണ്. പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനെത്തുടര്‍ന്ന് അസം ഗണപരിഷത്ത് മുന്നണി വിട്ടതിനു പിന്നാലെ ബംഗാളില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ബന്ധം അവസാനിപ്പിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന, യുപിയില്‍ അപ്‌നാ ദള്‍, യുപി മന്ത്രി കൂടിയായ ഒ പി രാജ്ബറുടെ സുഹെല്‍ദേവ് ബഹുജന്‍ സമദ് പാര്‍ട്ടി, മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് മുന്നണി വിടാനൊരുങ്ങുന്നത്. സംവരണാവശ്യം ഫെബ്രുവരി 25നകം നടപ്പാക്കിയില്ലെങ്കില്‍ യുപിയില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് രാജ്ബറുടെ ഭീഷണി.

മുന്നണിവിടുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മകനും ബിഹാര്‍ ലോക് ജനശക്തി നേതാവുമായ ചിരാഗും രംഗത്തെത്തി. ഏറെനാളായി നീറിപ്പുകയുന്ന അകല്‍ച്ചയെത്തുടര്‍ന്നാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച കഴിഞ്ഞദിവസം എന്‍ഡിഎയെ തള്ളിപ്പറഞ്ഞത്. കഴിഞ്ഞതവണ എന്‍ഡിഎയ്ക്കായി ആന്ധ്രയില്‍ വന്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ പവന്‍ കല്യാണിന്റെ ജനസേന ഇക്കുറി 175 സീറ്റിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തിനൊപ്പം ചേര്‍ന്നു. 15 വര്‍ഷത്തെ ബന്ധത്തിനു വിരാമമിട്ടു നാഗാ പീപ്പീള്‍സ് ഫ്രണ്ട് കൈവിട്ടതായിരുന്നു മറ്റൊരു തിരിച്ചടി. മഹാരാഷ്ട്രയില്‍, സ്വാഭിമാനി പക്ഷയും വഴിപിരിഞ്ഞു.

കര്‍ണാടക പ്രജ്ഞാവന്ത ജനത, ലോക് സമത പാര്‍ട്ടി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, കശ്മീരില്‍ സഖ്യകക്ഷിയായിരുന്ന പിഡിപി എന്നിവയും ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച പാര്‍ട്ടികളാണ്. കേരളത്തില്‍ കഴിഞ്ഞതവണ ബിജെപിയെ പിന്തുണച്ച എ വി താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി(ബി)യും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ബിജെപിയുമായുള്ള ബാന്ധവം അവസാനിപ്പിച്ചിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഡിജെഎസ്സും എന്‍ഡിഎയും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it