India

മോദിയുടെ മുഖ്യ വിമര്‍ശകന്‍ ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു

മോദിയുടെ മുഖ്യ വിമര്‍ശകന്‍ ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു
X

മുംബൈ: ദേശീയ മാധ്യമങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി. മോദിയുടെ മുഖ്യ വിമര്‍ശകനായ ധ്രുവ്, ഇന്ത്യയിലെ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ ഹിന്ദിക്ക് പുറമെ ഇപ്പോള്‍ അഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ധ്രുവ് പുതുതായി ചാനലുകള്‍ ആരംഭിച്ചത്.

സൈബര്‍ ലോകത്ത് കൂടുതല്‍ ജനകീയമായതോടെയാണ് മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അടക്കം അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിക്കാന്‍ ധ്രുവ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നല്‍കുന്ന വീഡിയോയിലൂടെയാണ് ധ്രുവ് റാഠി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ 'ഇന്ത്യയില്‍ ഏകാധിപത്യ ഭരണമോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ആ വീഡിയോ ഇതിനകം രണ്ടേമുക്കാല്‍ കോടിയിലേറെ പേരാണ് കണ്ടത്.

തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് ധ്രുവ് പുറത്തിറക്കിയ വീഡിയോയും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഔഷധ വ്യവസായവും സര്‍ക്കാരും തമ്മിലുള്ള ബന്ധം, മോദി വേഴ്‌സസ് ഫാര്‍മേഴ്‌സ്, 'ദ കേരള സ്‌റ്റോറി' സിനിമ, ലഡാക്ക് വിഷയം, കര്‍ഷക സമരം, രാമക്ഷേത്രം, മണിപ്പൂര്‍ തുടങ്ങി ഇസ്രായേല്‍ -ഗസ സംഘര്‍ഷവും പാകിസ്താനിലെ പ്രശ്‌നങ്ങളുമടക്കം ധ്രുവിന്റെ വീഡോയോകളിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത 'ദ കേരള സ്‌റ്റോറി' എന്ന പ്രൊപ്പഗണ്ട സിനിമ പ്രചരിപിച്ച കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബര്‍ മലയാളികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്. നിലവില്‍ ധ്രുവ് മലയാളത്തില്‍ ഔദ്യോഗികമായി ചാനല്‍ ആരംഭിച്ചിട്ടില്ല. അതേസമയം 'സുനിത ദേവദാസ്', 'ജെബിഐ ടിവി' പോലുള്ള ചില യൂട്യൂബ് ചാനലുകള്‍ സ്വതന്ത്രമായി ധ്രുവിന്റെ വീഡിയോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷമാണ് ഈ മേഖലയിലെത്തിയത്. 2014ല്‍ ട്രാവല്‍ വ്‌ളോഗാറായാണ് ധ്രുവിന്റെ തുടക്കം. പിന്നീട് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് ചാനല്‍ മാറി. പത്ത് വര്‍ഷം കൊണ്ട് ചാനല്‍ 17.8 മില്യണ്‍ കാഴ്ചക്കാരെ സമ്പാദിച്ചു. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുമെന്നാണ് തന്റെ മാധ്യമ ദര്‍ശനമായി ധ്രുവ് റാഠി എടുത്തുപറയുന്നത്.

ഇന്ത്യയിലെ പ്രതിപക്ഷത്തേക്കാള്‍ ഉറച്ച ശബ്ദമാണ് ധ്രുവിന്റേതെന്ന് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങളുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ 'ഗോദി മീഡിയ'കളാകുന്ന ഈ കാലഘട്ടത്തില്‍ ധ്രുവ് റാഠിയെ പോലുള്ളവരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ വലിയ പ്രതീക്ഷകളാണ് രാജ്യത്തിന് നല്‍കുന്നത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ധ്രുവ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിനെ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. 28 വര്‍ഷത്തോളം എന്‍ഡിടിവിയുടെ ഭാഗമായിരുന്ന രവീഷ്, സ്ഥാപനം അദാനി ഏറ്റെടുക്കുന്നതോടെ അവിടെ നിന്നറങ്ങി സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. മോദിക്കെതിരെയുള്ള മറ്റൊരു ഒറ്റയാള്‍ പോരാട്ട മുഖമാണ് രവീഷ് കുമാറിന്റേത്.

Next Story

RELATED STORIES

Share it