India

മണിപ്പൂര്‍ കൂട്ടബലാത്സംഗം: പ്രതി മുസ്‌ലിമെന്ന വ്യാജവിവരം പങ്കുവെച്ച എഎന്‍ഐ ഖേദപ്രകടനം നടത്തി

ഇതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഈ ട്വീറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു.

മണിപ്പൂര്‍ കൂട്ടബലാത്സംഗം: പ്രതി മുസ്‌ലിമെന്ന വ്യാജവിവരം പങ്കുവെച്ച എഎന്‍ഐ ഖേദപ്രകടനം നടത്തി
X

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വ്യാജ വിവരം പങ്ക് വെച്ചതില്‍ ഖേദം പ്രകടിപ്പിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു എ എന്‍ ഐ തെറ്റായ വിവരം പ്രസിദ്ധീകരിച്ചിരുന്നത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരില്‍ മുസ്ലീം നാമധാരിയായ യുവാവിന്റെ പേരായിരുന്നു എ എന്‍ ഐ അവരുടെ ട്വീറ്റില്‍ ആദ്യം പങ്ക് വെച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ അറസ്റ്റിലായ പ്രധാനപ്രതി മെയ്തി സമുദായത്തില്‍പ്പെട്ട ഹുയ്റെം ഹെരോദാസ് ആയിരുന്നു. എന്നാല്‍ ഇംഫാലിലെ മറ്റൊരു ക്രമസമാധാനപ്രശ്നത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ഹില്‍മിയുടെ പേരാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി എന്ന പേരില്‍ എ എന്‍ ഐ ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഈ ട്വീറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എ എന്‍ ഐയുടേത് വ്യാജവാര്‍ത്തയാണെന്നും അബ്ദുള്‍ ഹില്‍മി അറസ്റ്റിലായത് മറ്റൊരു സംഭവത്തിനാണ് എന്നും ചൂണ്ടിക്കാട്ടി നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വ്യാജവിവരം പങ്ക് വെച്ച് 12 മണിക്കൂറിന് ശേഷമാണ് എ എന്‍ ഐ ഖേദം പ്രകടിപ്പിച്ചു. പൊലീസ് കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നും അതില്‍ ഖേദിക്കുന്നുവെന്നുമാണ് എ എന്‍ ഐ ഖേദം പ്രകടിപ്പിച്ചുള്ള ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. മണിപ്പൂരിലെ കൂട്ടബലാത്സംഗ സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അറസ്റ്റുകള്‍ സംബന്ധിച്ച വിവരം പങ്കുവെക്കുന്നതില്‍ ജാഗ്രത കുറവുണ്ടായി എന്നാണ് എ എന്‍ ഐ പറയുന്നത്. തെറ്റ് മനസിലാക്കിയ ഉടന്‍ പ്രസ്തുത ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും എ എന്‍ ഐ ട്വീറ്റില്‍ പറയുന്നു.



അതേസമയം എ എന്‍ ഐയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തെറ്റ് മനസ്സിലായ ഉടന്‍ തന്നെ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ആ വ്യാജ വാര്‍ത്ത വൈറലായി പ്രചരിക്കുമായിരുന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്ത വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും എ എന്‍ ഐ തയ്യാറായത്.



പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ സുബൈറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് എ എന്‍ ഐയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹുയ്റെം ഹെരോദാസ്, അരുണ്‍ സിങ്, ജിവാന്‍ എലങ്ബാം, തോംബ സിങ് എന്നിവരാണ് കേസില്‍ പിടിയിലായിരിക്കുന്നത്.





Next Story

RELATED STORIES

Share it